ദുബൈ– ജബൽ അലി പ്രദേശത്തെ വില്ലയിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ അഞ്ച് പേർക്ക് തടവ് ശിക്ഷ വിധിച്ച് ദുബൈ ക്രിമിനൽ കോടതി. മൂന്ന് വർഷം തടവ് ശിക്ഷയാണ് പ്രതികൾക്ക് വിധിച്ചത്. വീട്ടുകാർ വിദേശത്തേക്ക് യാത്ര പോയ സമയത്താണ് വീട്ടിൽ അതിക്രമിച്ച് കയറി പ്രതികൾ മോഷണം നടത്തിയത്. പണവും സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുള്ള വാച്ചുകളും മറ്റ് വ്യക്തിഗത വസ്തുക്കളും നഷ്ടപ്പെട്ടതായി വീട്ടുടമ അറിയിച്ചു. മധ്യേഷ്യൻ രാജ്യക്കാരായ അഞ്ച് പേർക്കെതിരെയാണ് കേസ്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തും.
മോഷ്ട്ടാക്കൾ സന്ദർശക വിസയിൽ രാജ്യത്ത് പ്രവേശിച്ചതിന്റെ തെളിവുകൾ പരിശോധിച്ച ശേഷമാണ് ദുബൈ ക്രിമിനൽ കോടതി ഇവർക്കെതിരെ മോഷണക്കുറ്റം കണ്ടെത്തിയത്. മാർച്ചിൽ വിദേശ യാത്ര കഴിഞ്ഞ് തന്റെ വീട്ടിലേക്ക് മടങ്ങിയെത്തിയ യൂറോപ്യൻ യുവതി വീടിന്റെ മുൻവാതിൽ പൂട്ടിയ നിലയിലും അകം അലങ്കോലമായ അവസ്ഥയിലും കാണുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി.
വിദേശ കറൻസികൾ, സ്വർണ്ണാഭരണങ്ങൾ, വിലയേറിയ വാച്ചുകൾ, വ്യക്തിഗത രേഖകൾ എന്നിവ മോഷണം പോയതായും യുവതിയുടെ പരാതിയിൽ ഉണ്ടായിരുന്നു. ഭർത്താവ് ശേഖരിച്ച് വെച്ച ചെക്കുകളും 10 പഴയ മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടതായും അവർ അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പ്രതികളെ പിടികൂടാൻ സഹായിച്ചു. മോഷ്ടിച്ച വസ്തുക്കൾ പോലീസ് പ്രതികളിൽ നിന്നും കണ്ടെടുത്ത് വീട്ടുടമക്ക് തിരിച്ചേൽപ്പിച്ചു.