കുവൈത്ത് സിറ്റി – കുവൈത്തിലും അബുദാബിയിലും പെട്രോളിയം കമ്പനികള്‍ക്കും പെട്രോകെമിക്കല്‍ കമ്പനികള്‍ക്കും വൈദ്യുതി നിലയങ്ങള്‍ക്കും സമുദ്രജല ശുദ്ധീകരണ ശാലകള്‍ക്കും നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍. കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി, പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി എന്നിവയിലെ ഏതാനും കേന്ദ്രങ്ങള്‍ക്കു നേരെ ഡ്രോണുകള്‍ ഉപയോഗിച്ച് ഇറാന്‍ ആക്രമങ്ങള്‍ നടത്തിയതായി കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ അറിയിച്ചു. ആക്രമണത്തിന്റെ ഫലമായി ഈ കേന്ദ്രങ്ങളില്‍ പലതിലും അഗ്നിബാധയുണ്ടായതായും ഇത് കാര്യമായ ഭൗതിക നാശനഷ്ടങ്ങള്‍ വരുത്തിയതായും ജീവനക്കാര്‍ക്ക് പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ പറഞ്ഞു.
കുവൈത്ത് ഫയര്‍ ഫോഴ്സിന്റെ പിന്തുണയോടെ, കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനിയിലെയും പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനിയിലെയും എമര്‍ജന്‍സി, അഗ്‌നിശമന സേനാംഗങ്ങള്‍ ഉയര്‍ന്ന കാര്യക്ഷമതയോടെ അംഗീകൃത പ്രതികരണ പദ്ധതികള്‍ ഉടന്‍ നടപ്പാക്കിയതായും തീ നിയന്ത്രണവിധേയമാക്കാനും മറ്റ് കേന്ദ്രങ്ങളിലേക്ക് പടരുന്നത് തടയാനും പ്രവര്‍ത്തിച്ചതായും കോര്‍പ്പറേഷന്‍ അറിയിച്ചു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സ്ഥാപനങ്ങള്‍ സുരക്ഷിതമാക്കാനും ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും സംഭവത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ വിലയിരുത്തല്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ച് തുടരുന്നുണ്ടെന്നും കെ.പി.സി സ്ഥിരീകരിച്ചു.
കുവൈത്തില്‍ രണ്ട് വൈദ്യുതി, സമുദ്രജലശുദ്ധീകരണ പ്ലാന്റുകള്‍ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണങ്ങളുണ്ടായതായി വൈദ്യുതി, ജല, പുനരുപയോഗ ഊര്‍ജ മന്ത്രാലയ വക്താവ് എന്‍ജിനീയര്‍ ഫാത്തിമ അബ്ബാസ് ജൗഹര്‍ ഹയാത്ത് വ്യക്തമാക്കി. ആക്രമണങ്ങളില്‍ വൈദ്യുതി, സമുദ്രജലശുദ്ധീകരണ പ്ലാന്റുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. രണ്ട് വൈദ്യുതി ഉല്‍പാദന യൂണിറ്റുകള്‍ പ്രവര്‍ത്തനരഹിതമായി. ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അംഗീകൃത എമര്‍ജന്‍സി പദ്ധതികള്‍ക്കനുസൃതമായും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ചും, വൈദ്യുതി, ജല സംവിധാനങ്ങളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാന്‍ സാങ്കേതിക, എമര്‍ജന്‍സി സംഘങ്ങള്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചു. സേവനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കാനും ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കുറക്കാനും എല്ലാ സാങ്കേതിക സംഘങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും വൈദ്യുതി ശൃംഖലയുടെയും ജല ഉല്‍പാദന സംവിധാനത്തിന്റെയും നില തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും എന്‍ജിനീയര്‍ ഫാത്തിമ അബ്ബാസ് ജൗഹര്‍ ഹയാത്ത് കൂട്ടിച്ചേര്‍ത്തു.
മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് അബുദാബിയിലെ ബുറൂജ് പെട്രോകെമിക്കല്‍ പ്ലാന്റില്‍ മൂന്നു അഗ്നിബാധകള്‍ ഉണ്ടായതായി യു.എ.ഇ അധികൃതര്‍ അറിയിച്ചു. ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടിയന്തിര സംഘങ്ങള്‍ അഗ്നിബാധ കൈകാര്യം ചെയ്യുന്നുണ്ട്. പ്ലാന്റില്‍ ചില നാശനഷ്ടങ്ങള്‍ സംഭവിച്ചു. അതിന്റെ വിലയിരുത്തല്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ ആഘാതം വിലയിരുത്തുന്നതുവരെ സ്ഥാപനത്തിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായും അധികൃതര്‍ അറിയിച്ചു.



