അബുദാബി– കഴിഞ്ഞ ദിവസം അബുദാബിയിലെ താമസ സ്ഥലത്ത് മരണപ്പെട്ട എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും അബുദാബി ലൈഫ് കെയർ ആശുപത്രിയിലെ ദന്ത ഡോക്ടറുമായ ധനലക്ഷ്മിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്കു കൊണ്ടുപോകും. ബനിയാസ് മോർച്ചറിയിലെ പൊതുദർശനത്തിനു ശേഷമാകും നാട്ടിലേക്കു കൊണ്ടുപോകുക.
ധനലക്ഷ്മിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മരണ കാരണം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടില്ല. അബുദാബിയിലെ കലാ സാമൂഹിക സാംസ്കാരിക, കായിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഡോക്ടർ ധനലക്ഷ്മിയുടെ വിയോഗം അബുദാബിയിലെ പൊതു സമൂഹത്തിന് വലിയ നഷ്ടമാണെന്ന് സുഹൃത്തുക്കൾ അനുസ്മരിച്ചു.
എമിറേറ്റിലെ മലയാളി സംഘടനകളുമായി വളരെ അടുപ്പം പുലർത്തിയിരുന്ന ഡോക്ടർക്ക് സാഹിത്യത്തോടും എഴുത്തിനോടും അഭിനിവേശമായിരുന്നു.’അൺഫിറ്റഡ്’ എന്ന ഇംഗ്ലിഷ് പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ്.
ഒരു പതിറ്റാണ്ടായി യുഎഇയിൽ പ്രവാസിയായ ഡോ. ധനലക്ഷ്മിയെ അബുദാബി മുസഫയിലെ താമസ സ്ഥലത്ത് കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ തളാപ്പ് അരയക്കണ്ടി തായമ്പള്ളി വീട്ടിൽ പരേതനായ നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്.