ദോഹ– ലോകത്തെ നികുതി സൗഹൃദ നഗരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനം നേടി ഖത്തറിന്റെ തലസ്ഥാന നഗരമായ ദോഹ. ആഗോള അസറ്റ് മാനേജ്‌മെന്റ് ഏജന്‍സിയായ മള്‍ട്ടിപൊളിറ്റന്‍ പുറത്തുവിട്ട വെല്‍ത്ത് റിപ്പോര്‍ട്ട്-2025ലാണ് ഖത്തർ ഈ നേട്ടം കൈവരിച്ചതെന്ന് പ്രാദേശിക മാധ്യമമായ ദ പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.
മള്‍ട്ടിപൊളിറ്റന്റെ പ്രഥമ സൂചിക വിലയിരുത്തല്‍ പ്രകാരം പ്രൊഫഷനുകള്‍, ഉയര്‍ന്ന ആസ്തിയുള്ളവര്‍, നികുതി കുറഞ്ഞ സാഹചര്യം തേടുന്ന ബിസിനസ്സുകള്‍ എന്നിവരുടെ ആഗോള ലക്ഷ്യകേന്ദ്രങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
മാറികൊണ്ടിരിക്കുന്ന സാമ്പത്തിക അന്തരീക്ഷത്തില്‍ ദോഹ സാധ്യതകളുടെയും സമ്പത്ത്‌സംരക്ഷണത്തിന്റെയും കേന്ദ്രമായി മാറുന്നതായും, ഖത്തറിലെ തന്ത്രപരമായ സാമ്പത്തിക സംരംഭങ്ങള്‍, ശക്തമായ അടിസ്ഥാന സൗകര്യങ്ങള്‍, രാജ്യത്തെ സ്ഥിരതയുള്ള ഭരണത്തെയും സൂചിക പ്രത്യേകം എടുത്തു പറഞ്ഞു. വ്യക്തിഗത നികുതി, മൂലധന നേട്ടങ്ങള്‍, സമ്പത്ത് നികുതി, നികുതി ഉടമ്പടി, ഭരണ സൂചകങ്ങള്‍ എന്നീ നിയമാനുസൃത നികുതി മെട്രിക്‌സുകള്‍ സംയോജിപ്പിച്ച് 164 അധികാരപരിധികളെ കേന്ദ്രീകരിച്ചാണ് ടാക്‌സ് ഫ്രണ്ട്‌ലി സിറ്റീസ് ഇന്‍ഡക്‌സ് മൂല്യനിര്‍ണയം നടത്തുന്നത്.
ഖത്തറിന്റെ സീറോ വ്യക്തിഗത നികുതി, വാര്‍ഷിക ഭൂനികുതിക്ക് പകരം തുച്ഛമായ ഫീസുകള്‍, നിക്ഷേപകര്‍ക്കും താമസക്കാര്‍ക്കും ഉറപ്പുനല്‍കുന്ന സുതാര്യമായ നിയമചട്ടക്കൂട് എന്നിവയാണ് ദോഹയെ നികുതി സൗഹൃദ സിറ്റികളുലില്‍ ഉയര്‍ന്ന റാങ്കിലേക്ക് നയിക്കുന്നത്.
ടാക്‌സ് സൗഹൃദ സിറ്റികളില്‍ ഖത്തറിനെ പുറമെ അബുദാബി ഒന്നും ദുബൈ രണ്ടാം സ്ഥാനവും മനാമ നാലാം സ്ഥാനവും നേടിയിട്ടുണ്ട്. സിംഗപ്പൂരിനാണ് മൂന്നാം സ്ഥാനം. ആദ്യത്തെ ഇരുപത് സ്ഥാനങ്ങളില്‍ കുവൈത്ത് സിറ്റി(8) റിയാദ്(12) മസ്‌കത്ത്(17) എന്നീ ഗള്‍ഫ് രാജ്യങ്ങളിലെ സിറ്റികളും നിലയുറപ്പിച്ചിട്ടുണ്ട്.
കുടുംബങ്ങള്‍ക്കും, ഉപദേഷ്ടാക്കള്‍ക്കും, സ്ഥാപനങ്ങള്‍ക്കും സമ്പത്ത് സംരക്ഷണത്തിന്റെ സങ്കീര്‍ണതകള്‍ മറികടക്കാന്‍ ഈ സൂചിക പ്രധാനപ്പെട്ട ഉറവിടമായി പ്രവര്‍ത്തിക്കുന്നെന്ന് മള്‍ട്ടിപൊളിറ്റന്‍ ഇന്‍സൈറ്റ് മേധാവി പറഞ്ഞു ഗബ്രിയേല്‍ റീഡ് പറഞ്ഞു. ഖത്തര്‍ നാഷണല്‍ വിഷന്‍-2030 ലക്ഷ്യംവെച്ച് നടപ്പിലാക്കാന്‍ ശ്രമിച്ച വൈവിധ്യവല്‍ക്കരണ പദ്ധതികളെയും വെല്‍ത്ത് റിപ്പോര്‍ട്ട് പ്രത്യേകം പരാമര്‍ശിച്ചു.