ജിദ്ദ – പാക്കിസ്ഥാന്‍ നേതാക്കളുമായി പ്രത്യേകം പ്രത്യേകം ചര്‍ച്ചകള്‍ നടത്തി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്റെ നേതൃത്വത്തിലുള്ള ഉന്നതതല സൗദി സംഘം. പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, പ്രധാനമന്ത്രി മുഹമ്മദ് ശഹ്ബാസ് ശരീഫ്, വിദേശ മന്ത്രി ഇസ്ഹാഖ് ദര്‍ എന്നിവരുമായാണ് സൗദി സംഘം ഇസ്‌ലാമാബാദില്‍ ചര്‍ച്ചകള്‍ നടത്തിയത്.
സൗദി അറേബ്യയും പാക്കിസ്ഥാനും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളും വ്യത്യസ്ത മേഖലകളില്‍ ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും ഗാസ യുദ്ധം അടക്കം മധ്യപൗരസ്ത്യദേശത്തെ പുതിയ സംഭവവികാസങ്ങളും ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാനും കൂടുതല്‍ റിലീഫ് വസ്തുക്കള്‍ എത്തിക്കാനും നടത്തുന്ന ശ്രമങ്ങളും ഇരു രാജ്യങ്ങളും തമ്മില്‍ സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും സൗദി സംഘം പാക് നേതാക്കളുമായി വിശകലനം ചെയ്തു.
പാക്കിസ്ഥാനിലെ സൗദി അംബാസഡര്‍ നവാഫ് അല്‍മാലികി, വിദേശ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അല്‍യഹ്‌യ എന്നിവര്‍ കൂടിക്കാഴ്ചകളില്‍ സംബന്ധിച്ചു.
പരിസ്ഥിതി, ജല, കൃഷി മന്ത്രി എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ഫദ്‌ലി, വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ്, റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് മുഹമ്മദ് അല്‍തുവൈജിരി, നിക്ഷേപ സഹമന്ത്രി എന്‍ജിനീയര്‍ ഇബ്രാഹിം അല്‍മുബാറക് എന്നിവരും വിദേശ, ഊര്‍ജ മന്ത്രാലയങ്ങളിലെയും സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിലെയും സൗദി വികസന നിധിയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും സൗദി സംഘത്തില്‍ ഉള്‍പ്പെടുന്നു.