ദുബൈ– ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുക, ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA Dubai) നടപ്പിലാക്കുന്ന ‘ക്ലോസർ ടു യു’ (Closer to You) പദ്ധതിക്ക് ഗ്ലോബൽ വില്ലേജിൽ തിങ്കളാഴ്ച തുടക്കമാകും.
2026 ജനുവരി 5 മുതൽ ഫെബ്രുവരി 5 വരെ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ഈ ക്യാമ്പയിൻ, ദുബൈയിലെ പ്രധാന കുടുംബ വിനോദ കേന്ദ്രമായ ഗ്ലോബൽ വില്ലേജിൽ വെച്ചാണ് നടക്കുന്നത്.
ഗ്ലോബൽ വില്ലേജിലെത്തുന്ന സന്ദർശകർക്ക് വിനോദത്തോടൊപ്പം തന്നെ വിവിധ സർക്കാർ സേവനങ്ങളെക്കുറിച്ച് അറിയാനും അവ ഉപയോഗപ്പെടുത്താനും ഈ പദ്ധതിയിലൂടെ അവസരമൊരുങ്ങും. ഇതിനായി പ്രത്യേക പ്ലാറ്റ്‌ഫോമുകൾ സജ്ജീകരിച്ചിട്ടുണ്ട്. എൻട്രി പെർമിറ്റ്, ഗോൾഡൻ വിസ സേവനങ്ങൾ ഐഡന്റിറ്റി, നാഷണാലിറ്റി സേവനങ്ങൾ, വർക്ക് പെർമിറ്റ് സേവനങ്ങൾ, കുട്ടികൾക്കായുള്ള പാസ്‌പോർട്ട് കൺട്രോൾ, റെഡ് കാർപെറ്റ് കോറിഡോർ, ഹാപ്പിനസ് കാർഡ് തുടങ്ങിയയെ മനസ്സിലാക്കാനും ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാനും ഇവിടെ അവസരം ഉണ്ടാകും.
കുടുംബങ്ങൾക്കും കുട്ടികൾക്കും ആസ്വദിക്കാവുന്ന രീതിയിലാണ് ഈ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിജ്ഞാനപ്രദമായ ഗെയിമുകൾ, ഇന്ററാക്ടീവ് പരിപാടികൾ എന്നിവയോടൊപ്പം ദിവസേനയുള്ള സർപ്രൈസുകളും ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെയുള്ള സമ്മാനങ്ങളും സന്ദർശകരെ കാത്തിരിക്കുന്നുണ്ട്. ജനങ്ങളുമായി നേരിട്ട് സംവദിക്കാനും അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കാനും ഈ പദ്ധതി സഹായിക്കും. സർക്കാർ സേവനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം വർദ്ധിപ്പിക്കാനും സന്തോഷം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് ജിഡിആർഎഫ്എ ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.



