ദോഹ– ഖത്തറിൽ ദുരൂഹതയും കൗതുകവുമുണർത്തി ‘ദവാം’ ചിഹ്നം. ദോഹയിലെ പല ഭാഗങ്ങളിലായി തെരുവുകളിൽ ചുവന്ന അടയാളത്തിൽ വെള്ള നിറത്തിൽ ‘ദവാം’ എന്ന് എഴുതിയിട്ടുള്ള ചിഹ്നം പ്രദേശവാസികളേയും പ്രവാസികളേയും ഒരുപോലെ അതിശയിപ്പിക്കുകയാണ്. കോർണിഷ്, സൽവ റോഡ്, അൽവഅബ് സ്ട്രീറ്റ്, ഇ-റിംഗ് റോഡ്, ദുഖാൻ റോഡ് എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഈ അടയാളങ്ങളുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും അവയുടെ ഉത്ഭവവും ഉദ്ദേശ്യവും വ്യക്തമല്ല.
“ദവാം” എന്ന വാക്കിന്റെ അർത്ഥം “പ്രവൃത്തി സമയം” എന്നാണ്. സാധാരണയായി പ്രവൃത്തി ദിവസം രാവിലെ 8 മുതൽ വൈകുന്നേരം 4 വരെയാണ്.
സോഷ്യൽ മീഡിയയിലും ഈ വിഷയം ചൂടുള്ള ചർച്ചയായി മാറിയിരിക്കുകയാണ്.
ജോലി സമയത്തെ ബഹുമാനിക്കാനും തൊഴിൽ ധാർമ്മികത മെച്ചപ്പെടുത്താനും ആളുകളെ പ്രോത്സാഹിപ്പിക്കുന്ന പ്രചാരണത്തിന്റെ ഭാഗമാണ് ഈ അടയാളമെന്ന് ചിലർ പറയുന്നു. എന്നാൽ, ഇത് ഒരു മാർക്കറ്റിംഗ് സ്റ്റണ്ട് മാത്രമാണെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ലിങ്ക്ഡ്ഇന്നിന് സമാനമായ ഖത്തർ അപ്ലിക്കേഷൻ ആയ ദവാമുമായി ഇതിന് ബന്ധമുണ്ടെന്നാണ് മറ്റു ചിലർ അഭിപ്രായപ്പെട്ടത്. പലരും ഔദ്യോഗികമായ വിശദീകരണത്തിനായുള്ള കാത്തിരിപ്പിലാണ്.