ദോഹ– പത്താമത് ഖത്തർ ഈത്തപ്പഴ ഫെസ്റ്റിവലിൽ 114 തോട്ടങ്ങളിൽ നിന്ന് എത്തിച്ച 1,50863 കിലോ ഈത്തപ്പഴം വിറ്റതായി റിപ്പോർട്ട്. ജൂലൈ 24 മുതൽ സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്‌ക്വയറിൽ നടത്തിയ മേളയിലാണ് ഈ നേട്ടം കൊയ്തത്. ഫെസ്റ്റ് പ്രാദേശിക സമ്പദ്‌വ്യവസ്ഥക്ക് വൻ നേട്ടമായതായും സൂചനയുണ്ട്.
ഏറ്റവും കൂടുതൽ വിറ്റുപോയ വെറൈറ്റിയാണ് ഖലാസ് ഈത്തപ്പഴം. 66,008 കിലോയാണ് ഈ വൈറൈറ്റി മേളയിൽ വിറ്റത്. ശിശി, ഖുനൈസി, ബർഹി എന്നീ വെറൈറ്റികളും വിൽപനയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ജനങ്ങളോട് ഫെസ്റ്റിന്റ അവസാന ദിവസത്തിൽ പങ്കെടുക്കാൻ ഖത്തർ മുൻസിപൽ മന്ത്രാലയം ആഹ്വാനം ചെയ്തു. ആഗസ്ത് 7നാണ് ഫെസ്റ്റ് അവസാനിക്കുന്നത്.
നേരത്തെ ഈന്തപ്പഴ ഉൽപാദനത്തിൽ ഖത്തർ 75 ശതമാനത്തിലധികം സ്വയം പര്യാപ്തത വഹിച്ചെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 892 ഫാമുകളിൽ നിന്നായി പ്രതിവർഷം 26,000 ടണ്ണിൽ കൂടുതൽ ഈത്തപ്പഴമാണ് ഖത്തർ ഉൽപാദിപ്പിക്കുന്നത്. രാജ്യത്തെ മൊത്തം കൃഷിഭൂമിയുടെ 23 ശതമാനവും ഈത്തപ്പഴ കൃഷിക്കായാണ് ഉപയോഗിക്കുന്നത്.
2542 ഹെക്ടറിൽ ഏകദേശം 5,08000 ഈന്തപ്പനകൾ കൃഷി ചെയ്യുന്നു. കർഷകരെ പ്രോത്സാഹിപ്പിക്കാൻ ആധുനിക ജലസേചന സംവിധാനം, വിളവെടുപ്പ് സൗകര്യങ്ങൾ എന്നിവ സർക്കാർ ലഭ്യമാക്കുന്നുണ്ട്. വിളവെടുപ്പിന് ശേഷം സംഭരിക്കാനും, വിപണിയിൽ എത്തിക്കാനുമുള്ള പിന്തുണയും സർക്കാർ ഉറപ്പുവരുത്തുന്നു. പ്രാദേശിക കർഷകർക്കും പദ്ധതികളും സാങ്കേതികവിദ്യകളും സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കുന്നു. ഇക്കാരണത്താൽ ഖത്തറിൽ വലിയ തോതിൽ ഈത്തപ്പഴ ഉൽപാദനം വർധിച്ചതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.