ദമാം: അരക്ഷിതത്വത്തിന്റെയും ആശങ്കയുടെയും സമകാലിക ഇന്ത്യന്‍ രാഷ്ട്രീയാന്തരീക്ഷത്തിന് അന്ത്യം കുറിക്കാൻ മതേതര കക്ഷികള്‍ ഒന്നിച്ച് നില്‍ക്കുന്ന സാഹചര്യമാണ് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ലോകസഭാ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി ദമാം മീഡിയ ഫോറം
സംഘടിപ്പിച്ച ടേബിള്‍ ടോക്കില്‍ സംസാരിച്ച വിവിധ സംഘടനാ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
ജനാധിപത്യം വിധി പറയുമ്പോള്‍ എന്ന തലക്കെട്ടില്‍ ദമാം റോസ് റെസ്റ്റാറന്‍റ് ഓഡിറ്റോറിയത്തില്‍
സംഘടിപ്പിച്ച പരിപാടി ദമാമിലെ വിവിധ രാഷ്ട്രീയ പ്രതിനിധികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന നീതിന്യായ വ്യവസ്ഥയും നിയമ നിര്മാണസഭകളും വിവിധ അന്വേഷണ ഏജന്സികളും ഭരണകൂടത്തിന് വിധേയപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് പതിനെട്ടാം ലോകസഭാ
തെരഞ്ഞെടുപ്പിനെ രാജ്യം ആശങ്കയോടെ അഭിമുഖീകരിക്കുന്നതെന്ന് ചര്‍ച്ച അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ പാര്ട്ടി നേതാക്കളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും വര്‍ഗീയതയും വിഭാഗീയതയും സൃഷ്ടിച്ച് ഭരണകൂടം മുന്നോട്ട് നീങ്ങുമ്പോള് ബാലറ്റിലൂടെ പ്രതീകരിച്ച് അധികാരത്തില്‍ പുറത്താക്കാനുള്ള അവസാന അവസരമാണ് ഈ ലോകസഭാ തിരഞ്ഞെടുപ്പെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്രാദേശിക രാഷ്ട്രീയത്തിനുപരി ഇൻഡ്യാ മുനണിയെ അധികാരത്തില്‍ കൊണ്ട് വരാനുള്ള പ്രവര്‍ത്തന പരിപാടികളായിരിക്കണം നിര്‍വ്വഹിക്കപ്പെടേണ്ടതെന്ന് ചര്‍ച്ചയില്‍ സംസാരിച്ചവര്‍ പറഞ്ഞു. മീഡിയ ഫോറം പ്രസിഡണ്ട് മുജീബ് കളത്തിൽ അധ്യക്ഷനായ പരിപാടിയിൽ സാജിദ് ആറാട്ടുപുഴ മോഡറേറ്ററായിരുന്നു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഷിഹാബ് കായംകുളം , ഇ കെ അബ്ദുൽ കരീം, ലിബി ജയിംസ്, ഹുസ്‌നാ ആസിഫ് (ഒ ഐ സി സി), പ്രദീപ് കൊട്ടിയം, സൈനുദ്ദീന്‍ കൊടുങ്ങല്ലൂര്‍, രശ്മി രാമചന്ദ്രന്‍, അനു രാജേഷ് (നവോദയ) മുജീബ് കൊളത്തൂർ, മുഷ്താഖ് പേങ്ങാട്, ഷബ്‌ന നജീബ്, റുഖിയ റഹ്മാൻ (കെ എം സി സി) ബെന്‍സി മോഹനന്‍ (നവയുഗം), അന്‍വര്‍ സലീം , റഊഫ് ചാവക്കാട്, ഫൗസിയ മൊയ്തീന്‍, സാബിക് കോഴിക്കോട് (പ്രവാസി വെൽഫെയർ), മിദ്‌ലാജ് ബാലുശ്ശേരി (ഐ എം സി സി) മുതിർന്ന മാധ്യമ പ്രവർത്തകരായ പി എ എം ഹാരിസ്, പി ടി അലവി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നൗശാദ് ഇരിക്കൂർ സ്വാഗതവും പ്രവീൺ വല്ലത്ത് നന്ദിയും പറഞ്ഞു.