കുവൈത്ത് സിറ്റി– മന്ത്രവാദ വസ്തുക്കളും മറ്റു നിഗൂഢമായ നിരോധിത ഉത്പന്നങ്ങളും കടത്താൻ ശ്രമിച്ചവരെ പിടികൂടി ഷുവാഖ് തുറമുഖത്തെ പാസഞ്ചർ ഇൻസ്പെക്ഷൻ ഓഫീസിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ. വടക്കൻ തുറമുഖങ്ങളിലെയും, ഫലാക്ക ദ്വീപിലെയും കസ്റ്റംസ് വകുപ്പിലെ ഉദ്യോഗസ്ഥർ ഒത്തു ചേർന്ന് നടത്തിയ പരിശോധനയിലാണ് ഏവരെയും അമ്പരപ്പിച്ച വസ്തുക്കൾ പിടികൂടിയത്.
ശരിഅ നിയമവും ദേശീയ നിയമനിർമ്മാണവും പ്രകാരം നിരോധിച്ചിരിക്കുന്നതാണ് ഇത്തരത്തിലുള്ള വസ്തുക്കൾ. മനുഷ്യർക്ക് ആപത്തുണ്ടാക്കുന്ന ഉത്പന്നങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പിടികൂടൽ എന്ന് അധികൃതർ പറയുന്നു.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയും സൂക്ഷ്മ നിരീക്ഷണവും മൂലമാണ് ഈ പിടിച്ചെടുക്കൽ സാധ്യമായത്. ചില ലഗേജുകൾ പരിശോധിക്കുന്നതിനിടെ അവർക്ക് സംശയം തോന്നി. സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, ടാൾസ്മാൻ പോലത്തെ അഭിചാര വസ്തു, ആചാരപരമായ പേപ്പറുകൾ, മന്ത്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കൾ എന്നിവ കണ്ടെത്തി.
ഇത്തരം വസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുവരുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും പൊതു സുരക്ഷയ്ക്കും സാമൂഹിക സ്ഥിരതയ്ക്കും ഭീഷണിയാണെന്നും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഊന്നിപ്പറഞ്ഞു. ഇത്തരം നിരോധിത വസ്തുക്കളുടെ പ്രവേശനം തടയുന്നതിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ എല്ലാ സമയങ്ങളിലും ജാഗ്രതരായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഇൻസ്പെക്ടർമാരുടെ സമർപ്പണം ഭരണകൂടം അഭിനന്ദിച്ചു. രാജ്യത്തിന്റെ സുരക്ഷയും ഐക്യവും സംരക്ഷിക്കാൻ നിയമം കർശനമായി നടപ്പാക്കാനും കുറ്റവാളികൾക്കെതിരെ ആവശ്യമുള്ള എല്ലാ നടപടികളും സ്വീകരിക്കാനുമുള്ള പ്രതിബദ്ധതയും അവർ വീണ്ടും വ്യക്തമാക്കി.