അറാർ– സൗദി അറേബ്യയുടെ വടക്കൻ അതിർത്തി മേഖലയിലെ പ്രകൃതിദത്തമായ ഇടങ്ങളിൽ വസന്തകാലത്തോടനുബന്ധിച്ച് ‘ക്രിംസൺ സ്‌പോട്ടുഡ്’ ശലഭങ്ങൾ കൂട്ടമായെത്തുന്നു. പ്രദേശത്തെ വർദ്ധിച്ചുവരുന്ന ജൈവവൈവിധ്യത്തിന്റെ തെളിവായാണ് ഈ പ്രതിഭാസത്തെ കണക്കാക്കുന്നത്. വെളുത്ത ചിറകുകളിൽ ചുവപ്പും കറുപ്പും പാടുകളുള്ള ഈ ശലഭങ്ങൾ കാണാൻ ഏറെ മനോഹരമാണ്. മരുഭൂമികളിലും പുൽമേടുകളിലും ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഇവയുടെ ലാർവകൾ കാട്ടുചെടികളെയാണ് ഭക്ഷണമാക്കുന്നത്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഈ ശലഭങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.


യൂറോപ്പ്, വടക്കേ ആഫ്രിക്ക, ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഇവ ചില സീസണുകളിൽ ദേശാടനം നടത്തുന്നവയുമാണ്. വടക്കൻ അതിർത്തി മേഖലയിൽ വസന്തകാലത്ത് ചെടികളും പ്രാണികളും സജീവമാകുന്നത് സൗദി അറേബ്യയുടെ സമ്പന്നമായ പരിസ്ഥിതിയുടെയും വൈവിധ്യമാർന്ന ഭൂപ്രകൃതിയുടെയും അടയാളമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.



