അബൂദാബി – ബാങ്ക് ജീവനക്കാരനാണെന്ന് അവകാശപ്പെട്ട് അക്കൗണ്ട് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനെന്ന വ്യാജേന എ.ടി.എം കാര്‍ഡ് വിശദാംശങ്ങളും പിന്‍ നമ്പറും ചോര്‍ത്തി മറ്റൊരാളുടെ അക്കൗണ്ടില്‍ നിന്ന് നിയമവിരുദ്ധമായി പിന്‍വലിച്ച 24,500 ദിര്‍ഹം തട്ടിപ്പുകാരന്‍ തിരികെ നല്‍കണമെന്ന് അബുദാബി സിവില്‍, ഫാമിലി ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി ഉത്തരവിട്ടു.
ഇരക്ക് നേരിട്ട നഷ്ടങ്ങള്‍ക്ക് പ്രതി 3,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. പ്രതി തന്നെ ഫോണില്‍ വിളിച്ചതായും ബാങ്ക് പ്രതിനിധിയായി സ്വയം പരിചയപ്പെടുത്തിയതായും തന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്ന് അവകാശപ്പെട്ടതായും ഇര കോടതിയെ അറിയിച്ചു. ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനകള്‍ക്ക് ശേഷം, തട്ടിപ്പുകാരന്‍ ഇരയുടെ എ.ടി.എം കാര്‍ഡ് വിശദാംശങ്ങളും ഒറ്റത്തവണ പാസ്വേഡും നേടി അക്കൗണ്ടിലെ മുഴുവന്‍ തുകയും പിന്‍വലിക്കുകയായിരുന്നു. ഇര പിന്നീട് തിരിച്ചടവും ഭൗതികവും വൈകാരികവുമായ കഷ്ടനഷ്ടങ്ങള്‍ക്ക് അധിക നഷ്ടപരിഹാരവും ആവശ്യപ്പെട്ട് സിവില്‍ ക്ലെയിം ഫയല്‍ ചെയ്തു. സിവില്‍ ട്രാന്‍സാക്ഷന്‍സ് നിയമത്തിലെ വ്യവസ്ഥകള്‍ വിധിന്യായത്തില്‍ ഉദ്ധരിച്ച കോടതി, നിയമപരമായ കാരണമില്ലാതെ ആരും മറ്റൊരാളുടെ സ്വത്ത് എടുക്കാന്‍ പാടില്ലെന്നും അത്തരമൊരു തുക തിരികെ നല്‍കണമെന്നും പറഞ്ഞു. നേരത്തെ പുറപ്പെടുവിച്ച ക്രിമിനല്‍ വിധി പ്രതിയുടെ കുറ്റം സ്ഥിരീകരിച്ചിട്ടുണ്ടെന്നും കൈമാറ്റം ചെയ്യപ്പെട്ട ഫണ്ടുകളുടെ നേരിട്ടുള്ള ഗുണഭോക്താവ് പ്രതിയാണെന്ന് പോലീസ് അന്വേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും കോടതി കണ്ടെത്തി.
പ്രതി വാദം കേള്‍ക്കലുകളില്‍ പങ്കെടുക്കുകയോ പണം തിരികെ നല്‍കിയതിന് തെളിവ് ഹാജരാക്കുകയോ ചെയ്തില്ല. വിചാരണ പൂര്‍ത്തിയാക്കിയ കോടതി, പ്രതി 24,500 ദിര്‍ഹം തിരികെ നല്‍കണമെന്നും ക്ലെയിം തീയതി മുതല്‍ പൂര്‍ണമായി തീര്‍പ്പാക്കുന്നത് വരെ മൂന്നു ശതമാനം പലിശ നല്‍കണമെന്നും കോടതി ഫീസും ചെലവുകളും വഹിക്കണമെന്നും 3,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിടുകയായിരുന്നു.



