ബഗ്ദാദ്: അഴിമതി കുറ്റാരോപിതനായ എണ്ണ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അദ്‌നാന്‍ അല്‍ജുമൈലിയുടെ കേസില്‍ രണ്ടു കോടിയിലേറെ ഡോളറും 60 കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണക്കട്ടികളും പിടിച്ചെടുത്തതായി ഇറാഖ് സെന്‍ട്രല്‍ ആന്റികറപ്ഷന്‍ ക്രിമിനല്‍ കോടതി ജഡ്ജി ദിയാ ജഅ്ഫര്‍ ഇന്ന് അറിയിച്ചു. സുരക്ഷാ വകുപ്പുകള്‍ കസ്റ്റഡിയിലെടുത്ത പ്രതി, എണ്ണ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അദ്‌നാന്‍ അല്‍ജുമൈലി, അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ എന്നിവരുടെ കേസില്‍, കുര്‍ദിസ്ഥാന്‍ മേഖലയുമായി ഏകോപിച്ച് 2,03,40,000 ഡോളറും 20 കോടി ഇറാഖി ദീനാറും 60 കിലോഗ്രാം സ്വര്‍ണ്ണവും ഏഴ് ലക്ഷ്വറി കാറുകളും പിടിച്ചെടുത്തതായി ഇറാഖ് സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ ഇന്ന് പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ജഡ്ജി ദിയാ ജഅ്ഫര്‍ പറഞ്ഞു.
പ്രതിയും കേസില്‍ ഉള്‍പ്പെട്ടവരും നടപ്പാക്കിയ മന്ത്രാലയ പദ്ധതികളിലെ ദുര്‍വിനിയോഗത്തില്‍ നിന്നുള്ള വരുമാനം വീണ്ടെടുക്കാനുള്ള തുടര്‍നടപടികളും അന്വേഷണ നടപടിക്രമങ്ങളും മേല്‍പ്പറഞ്ഞ തുകകള്‍, സ്വര്‍ണ്ണം, വാഹനങ്ങള്‍ എന്നിവ പിടിച്ചെടുക്കുന്നതിലേക്ക് നയിച്ചതായി ജഡ്ജി കൂട്ടിച്ചേര്‍ത്തു. അന്വേഷണം തുടരുകയാണെന്നും കേസില്‍ ഉള്‍പ്പെട്ട മറ്റ് വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും എല്ലാവര്‍ക്കുമെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ജഡ്ജി വ്യക്തമാക്കി.
അതേസമയം, വൈദ്യുതി മന്ത്രാലയത്തില്‍ പ്രസരണ, വിതരണ കാര്യങ്ങള്‍ക്കുള്ള അണ്ടര്‍ സെക്രട്ടറി ഖാലിദ് ഗസായ് അതിയ്യയുടെ വീടുകളില്‍ നിന്ന് 70 കോടി ഡോളറും സ്വര്‍ണ്ണക്കട്ടികളും ധാരാളം സ്വര്‍ണ്ണാഭരണങ്ങളും പിടിച്ചെടുത്തതായി ഇറാഖിലെ ഫെഡറല്‍ ഇന്റഗ്രിറ്റി കമ്മീഷന്‍ ഇന്ന് അറിയിച്ചു. സെന്‍ട്രല്‍ ആന്റികറപ്ഷന്‍ ക്രിമിനല്‍ കോടതി ജഡ്ജി ദിയാ ജഅ്ഫര്‍ പുറപ്പെടുവിച്ച ജുഡീഷ്യല്‍ ഉത്തരവുകള്‍ പ്രകാരമാണ് ഈ നടപടി സ്വീകരിച്ചത്. ജുഡീഷ്യല്‍ വാറണ്ടിന്റെ അടിസ്ഥാനത്തില്‍ ബാഗ്ദാദ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്റില്‍ നിന്നുള്ള സംഘം തീവ്രമായ നിരീക്ഷണത്തിനും അന്വേഷണത്തിനും ശേഷം പിടിച്ചെടുക്കല്‍ നടത്തിയതായി കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. അഴിമതി, അനധികൃത സ്വത്ത് സമ്പാദനം എന്നിവയുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് കമ്മീഷന്‍ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന് വിധേയനായ പ്രതിയുടെ ഏതാനും വീടുകളില്‍ നിന്നാണ് പണവും വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചെടുത്തത്. 117.5 കോടി ഇറാഖി ദീനാര്‍ (ഏകദേശം 9,04,000 ഡോളര്‍, 58 ലക്ഷം യു.എസ് ഡോളര്‍, ഏഴ് സ്വര്‍ണ്ണക്കട്ടികള്‍, സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തതെന്ന് ഫെഡറല്‍ ഇന്റഗ്രിറ്റി കമ്മീഷന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. അഴിമതി കേസ് പ്രതികളെ പിന്തുടരാനും നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ സമ്പാദിച്ചതായി സംശയിക്കുന്ന ഫണ്ടുകളും ആസ്തികളും കണ്ടെത്താനും ഇന്റഗ്രിറ്റി കമ്മീഷന്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങളുടെ ഭാഗമായാണ് ഈ ഓപ്പറേഷന്‍ നടത്തിയതെന്നും കമ്മീഷന്‍ പറഞ്ഞു. ഇറാഖില്‍ അലി അല്‍സൈദിയുടെ നേതൃത്വത്തില്‍ 2026 മെയ് 14 ന് പുതിയ മന്ത്രിസഭ അധികാരത്തിലെത്തിയതിനു പിന്നാലെയാണ് അഴിമതി വിരുദ്ധ പോരാട്ടത്തിന് തുടക്കം കുറിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







