ദോഹ– ഖത്തറിന്റെ പ്രധാന വ്യാപാര കവാടമായ ഹമദ് തുറമുഖത്തിന് മറ്റൊരു പൊൻതൂവൽ. വേൾഡ് ബാങ്കും എസ് ആൻഡ് പി ഗ്ലോബൽ മാർക്കറ്റ് ഇൻ്റലിജൻസും ചേർന്ന് തയാറാക്കിയ കണ്ടെയ്‌നർ പോർട്ട് പെർഫോമൻസ് ഇൻഡക്‌സിൽ ഗൾഫ് മേഖലയിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ 11-ാം സ്ഥാനവും നേടിയിരിക്കുകാണ്.
403 തുറമുഖങ്ങളെ വിലയിരുത്തിയ ഈ സൂചികയിൽ, 2020-24 കാലയളവിൽ ചെങ്കടൽ, പനാമ കനാൽ പ്രശ്നങ്ങൾ, കോവിഡ് തുടങ്ങിയവ മൂലം തുറമുഖങ്ങളുടെ പ്രകടനത്തിൽ ഇടിവുണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.ചൈനയിലെ യാങ്ഷാൻ, ഫുസോ തുറമുഖങ്ങൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി. ഈജിപ്തിലെ പോർട്ട് സൈദ് മൂന്നാം സ്ഥാനത്തും, ഹമദിന് പിന്നിൽ ഒമാനിലെ സലാല (15-ാം സ്ഥാനം) ഗൾഫ് മേഖലയിൽ നിന്നുള്ള മറ്റൊരു തുറമുഖമായി ആദ്യ 20-ൽ ഇടംനേടി.
അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ, നൂതന സാങ്കേതികവിദ്യ, മികച്ച സേവനങ്ങൾ എന്നിവയിലൂടെയാണ് ഹമദ് തുറമുഖം ഈ നേട്ടം കൈവരിച്ചത്. ഓട്ടോമേറ്റഡ് സംവിധാനങ്ങളും സ്കെയിലബിൾ ഡിസൈൻ എന്നിവയിലൂടെയുള്ള കണ്ടെയ്നറുകൾ, ജനറൽ കാർഗോ, റോൾ ഓൺ/റോൾ-ഓഫ് തുടങ്ങിയവ ചരക്കുകൾ വേഗത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു.തടസ്സരഹിതവും സുരക്ഷിതവുമായ ചരക്ക് നീക്കം, തന്ത്രപ്രധാനമായ സ്ഥാനം, അതിവേഗം വളരുന്ന ഷിപ്പിങ് ശൃംഖല എന്നിവ ഹമദ് തുറമുഖത്തിന്റെ പ്രത്യേകതകളാണ്. ഇത് വളർച്ചാ സാധ്യതകൾ വർധിപ്പിക്കുകയും മേഖലയിലെ പ്രമുഖ വാണിജ്യ-ലോജിസ്റ്റിക്സ് കേന്ദ്രമായി നിലനിർത്തുകയും ചെയ്യുന്നു.