കുവൈത്ത് സിറ്റി– അതിവേഗ നഗരവികസനവും കാലാവസ്ഥാ മാറ്റവും കാരണം കുവൈത്തിലെ പ്രധാന നഗരങ്ങളിലും താമസസ്ഥലങ്ങളിലും ഉണ്ടാവുന്ന വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിനായി ആരംഭിച്ച വൻകിട മഴവെള്ള സംഭരണ പദ്ധതി അതിവേഗം മുന്നേറുന്നു. സൗത്ത് അബ്ദുല്ല അൽ മുബാറക് മേഖലയിലാണ് കൂറ്റൻ മഴവെള്ള സംഭരണ ടാങ്കും ഡ്രൈനേജ് സംവിധാനവും നിർമ്മിക്കുന്നത്. പദ്ധതിയുടെ 65 ശതമാനം പ്രവർത്തികളും ഇതിനകം പൂർത്തിയായി.
പബ്ലിക് അതോറിറ്റി ഫോർ റോഡ്സും ട്രാൻസ്പോർട്ടേഷനുമാണ് (PART) പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്. പദ്ധതി 2025 ജനുവരി 5-ന് തുടങ്ങി 2026 ജനുവരിയോടെ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.
പദ്ധതിയുടെ പ്രധാന ഭാഗങ്ങൾ:
- 53,000 ക്യൂബിക് മീറ്റർ വെള്ളം സൂക്ഷിക്കാനാകുന്ന വലിയ ടാങ്ക്
- 92 മീറ്റർ നീളമുള്ള അഴുക്കുചാൽ
- നിലവിലുള്ള എണ്ണ പൈപ്പുകൾ തടസ്സമാകാതിരിക്കാൻ 102 മീറ്റർ നീളത്തിൽ മണ്ണിനടിയിൽ ടണൽ നിർമാണം
- 1,230 മീറ്റർ നീളമുള്ള ടാങ്ക്, 6 ഘട്ടങ്ങളിലായി നിർമിക്കും
- 1,500 ക്യൂബിക് മീറ്റർ ശേഷിയുള്ള മറ്റൊരു കൾവർട്ടും
- നിലവിലുള്ള രണ്ട് ടാങ്കുകളുമായി ബന്ധിപ്പിക്കാനുള്ള സംവിധാനവും
മഴക്കാലത്ത് വെള്ളകെട്ടുകൾ ഒഴിവാക്കുക, പുതിയ താമസമേഖലകളിലെ ജീവിതത്തിന് നല്ല അന്തരീക്ഷം ഒരുക്കുക, മഴവെള്ളം നിയന്ത്രിക്കാനുള്ള ശേഷി കൂട്ടുക എന്നിവയൊക്കെയാണ് പദ്ധതിയുടെ ലക്ഷ്യം.
കാലാവസ്ഥ മാറ്റവും വേഗത്തിൽ വികസിക്കുന്ന നഗരങ്ങളും കണക്കിലെടുത്ത്, ഇത്തരത്തിലുള്ള പദ്ധതികൾ രാജ്യത്തിന് ഏറെ ആവശ്യമാണ്. മറ്റു തടസ്സങ്ങളൊന്നും കൂടാതെ പദ്ധതി നടപ്പിലാക്കാൻ സാധിക്കുമെന്നും, എല്ലാ പ്രവർത്തനങ്ങളും ക്രമം പാലിച്ച് മുന്നേറുകയാണെന്നും അധികൃതർ വ്യക്തമാക്കി.