മനാമ– മുഹർറഖിൽ പൂച്ചക്കുട്ടിയെ പാർപ്പിടത്തിന്റെ ചുമരിലേക്ക് എറിഞ്ഞ് ഉപദ്രവിച്ച കൗമാരക്കാരനെതിരെ പരാതി നൽകി ബഹ്‌റൈൻ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ്. കൗമാരക്കാരൻ പൂച്ചകുട്ടിയെ കെട്ടിടത്തിന്റെ ചുമരുകളിലേക്ക് ആവർത്തിച്ചെറിയുന്നതിന്റെ വീഡിയോ വൈറലായിരുന്നു. ഇത് വ്യാപകമായ പൊതുജന രോഷത്തിലേക്കാണ് നയിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ തന്നെ ഇയാൾ മൃഗത്തെ അടിക്കുന്നതായും വിഡിയോയിൽ കാണാം.
അടിയന്തര അന്വേഷണം നടത്തണമെന്നും വിഡിയോയിൽ കാണുന്ന ആൺകുട്ടിക്കെതിരെ നടപടിയെടുക്കണമെന്നും സൊസൈറ്റി ആവശ്യപ്പെട്ടു. വിഡിയോയിൽ ക്രൂരത വ്യക്തമാണെന്നും കുട്ടിയുടെ പ്രായം കണക്കിലെടുക്കാതെ നടപടി സ്വീകരിക്കണമെന്നും ചെയർമാൻ മഹ്മൂദ് ഫറാജ് പറഞ്ഞു.
ഇതിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനിയും ആവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി പേരാണ് കൗമാരക്കാരനെതിരെ സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിരിക്കുന്നത്.