ദുബൈ: മാറിവരുന്ന സാമൂഹിക സാഹചര്യങ്ങളില്‍ പരസ്പര സഹകരണവും മാനവികതയും സാമൂഹിക ഉത്തരവാദിത്വബോധവും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് പ്രമുഖ യുവ വ്യവസായിയും പേസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് സല്‍മാന്‍ ഇബ്രാഹിം പറഞ്ഞു. വ്യക്തികളുടെ വിജയത്തിനപ്പുറം സമൂഹത്തിന്റെ പുരോഗതിക്കായി ഓരോരുത്തരും തങ്ങളുടേതായ പങ്ക് നിര്‍വഹിക്കേണ്ട കാലഘട്ടമാണിത്. പ്രവാസി സമൂഹത്തിന്റെ വളര്‍ച്ചയില്‍ സംഘടനകള്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ട്. സാമ്പത്തികമായും സാമൂഹികമായും പ്രയാസം നേരിടുന്നവര്‍ക്കൊപ്പം നില്‍ക്കുകയും പുതിയ തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസവും അവസരങ്ങളും ഒരുക്കുകയും ചെയ്യുന്നത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസജീവിതത്തില്‍ നേടിയ അറിവും അനുഭവങ്ങളും സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കണം. യുവാക്കളെ നേതൃത്വത്തിലേക്ക് വളര്‍ത്തുന്നതിനും അവരുടെ കഴിവുകള്‍ ക്രിയാത്മകമായി വിനിയോഗിക്കുന്നതിനും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യയും ആധുനിക ജീവിതസൗകര്യങ്ങളും വളരുന്നതിനൊപ്പം മനുഷ്യബന്ധങ്ങളും സാമൂഹിക മൂല്യങ്ങളും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രതിസന്ധികളില്‍ കൈത്താങ്ങാകുകയും ആവശ്യക്കാരിലേക്ക് സഹായമെത്തിക്കുകയും സമൂഹത്തില്‍ സൗഹാര്‍ദവും ഐക്യവും വളര്‍ത്തുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്നത്തെ കാലം ആവശ്യപ്പെടുന്നത്.എന്നും മുഹമ്മദ് സല്‍മാന്‍ ഇബ്രാഹിം പറഞ്ഞു .
ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ‘ടോക്ക് ടൈം വിത്ത് ലീഡര്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഷ്‌റഫ് ബായാര്‍ സ്വാഗതം പറഞ്ഞു.ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഹംസ തൊട്ടി മുഹമ്മദ് സല്‍മാന്‍ ഇബ്രാഹിമിന് സമ്മാനിച്ചു.ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് അബ്ദുല്ല അരങ്ങാടി, സെക്രട്ടറി അഫ്‌സല്‍ മേട്ടമ്മല്‍, ജില്ലാ ഭാരവാഹികളായ റഫീഖ് പടന്ന, പി.ഡി. നൂറുദ്ദീന്‍, ആസിഫ് ഹൊസങ്കടി, സിദ്ദീഖ് ചൗക്കി .സൈഫുദ്ദീന്‍ മൊഗ്രാല്‍ എന്നിവര്‍ സംസാരിച്ചു.







