അബുദാബി– കൈരളിയുടെ രജതജൂബിലി ആഘോഷ ചടങ്ങിൽ, മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിച്ച് മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടി. തുടർഭരണത്തെക്കുറിച്ചായിരുന്നു മമ്മൂട്ടിയുടെ ആദ്യ ചോദ്യം. 10 വർഷക്കാലമായി തുടർച്ചയായി സംസ്ഥാന മുഖ്യമന്ത്രിയായ അങ്ങയുടെ ആദ്യത്തെ അഞ്ച് വർഷവും പിന്നീടുള്ള അഞ്ചുവർഷവും എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവന്നുവെന്ന് മമ്മൂട്ടി ചോദിച്ചു.
2021ൽ തുടർഭരണം സമ്മാനിച്ചപ്പോൾ 2016-21 കാലത്ത് എന്താണോ നടപ്പാക്കിയത്, അവ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാനും നല്ല ഫലം സൃഷ്ടിക്കാനും കഴിഞ്ഞു. അതിൻറെ ഭാഗമാണ് അതിദാരിദ്ര്യമുക്ത കേരളം എന്ന നേട്ടമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
അസാധ്യമായത് ഒന്നുമില്ലെന്ന് തെളിയിച്ച കേരള ജനതയുടെ പിന്തുണ ഉള്ളിടത്തോളം ഒരുതരത്തിലുമുള്ള ആക്ഷേപങ്ങളോ പരിഹാസങ്ങളോ തന്നെ ബാധിക്കില്ല എന്ന് മമ്മൂട്ടിയുടെ മറ്റൊരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്തി .
അബുദാബി ഇത്തിഹാദ് അരീനയിൽ നടന്ന പരിപാടിയിൽ കൈരളിയുടെ 25-ാം വാർഷികാഘോഷം ഗംഭീര ചടങ്ങുകളോടെയാണ് നടന്നത്. മുഖ്യമന്ത്രിക്കും കൈരളി ചെയർമാൻകൂടിയായ മമ്മൂട്ടിക്കും പുറമെ കൈരളി ടിവി എം.ഡി ഡോ.ജോൺ ബ്രിട്ടാസ്, മന്ത്രി സജി ചെറിയാൻ, അബ്ദുൽ വഹാബ് എം.പി, എ. വിജയരാഘവൻ, ഡോ. ആസാദ് മൂപ്പൻ, കെ.ടി ജലീൽ എം.എൽ.എ, പി.ടി കുഞ്ഞുമുഹമ്മദ്, സി.കെ കരുണാകരൻ, മൂസ മാസ്റ്റർ, അഷ്റഫ് അലി ലുലു, സഫീർ അഹമ്മദ്, ഷംലാൽ അഹ്മദ്, ശോഭന ജോർജ് ഉൾപ്പടെ നിരവധി പ്രമുഖർ പങ്കെടുത്തു. ജയറാം, കുഞ്ചാക്കോബോബൻ, ആസിഫ് അലി, രമേഷ് പിഷാരടി, നിഖിലാ വിമൽ, അനു സിതാര, എം.ജി ശ്രീകുമാർ തുടങ്ങി പ്രമുഖരെ അണിനിരത്തിയുള്ള കലാപരിപാടികളും പരിപാടിയുടെ ഭാഗമായി അരങ്ങേറി.



