ദുബൈ– നാടിന്റെ പശ്ചാത്തല സൗകര്യ വികസനത്തിന് സാമ്പത്തികസ്രോതസ്സ് കണ്ടെത്താനാണ് കിഫ്ബി രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുബൈയിൽ ഓർമ കേരളോത്സവം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു കിഫ്ബിയുടെ മസാല ബോണ്ടിൽ ഇഡി നോട്ടീസ് ലഭിച്ചതിനു പിന്നാലെ കിഫ്ബിയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞത്.
സംസ്ഥാനത്തിന്റെ പശ്ചാത്തല സൗകര്യവികസനത്തിന് ഒന്നരലക്ഷം കോടി രൂപ കിഫ്ബി വഴി ചെലവിട്ടു. ദേശീയപാതാ വികസനത്തിനുമാത്രം 5600 കോടി രൂപ നൽകിയത് കിഫ്ബി പണം ഉപയോഗിച്ചാണ് എന്നും അദ്ദേഹം പറഞ്ഞു. പശ്ചാത്തല സൗകര്യ വികസനത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായി.
കിഫ്ബി വഴി ചെലവഴിച്ച പണത്തിന്റെ തെളിവ് കേരളത്തിൽ നോക്കിയാൽ കാണാം. കഴിഞ്ഞ 10 വർഷത്തിനിടെ 96000 കോടി രൂപയുടെ വികസന പദ്ധതികൾ കിഫ്ബിയിലൂടെ പൂർത്തിയാക്കി.
ദേശീയപാത അതോറിറ്റി ഓഫീസ് പൂട്ടിപ്പോയ സ്ഥലത്താണ് സർക്കാർ വികസനം നടപ്പാക്കിയത്. ദേശീയപാതാ വികസനത്തിന് പണം നൽകേണ്ടിവന്നത് കേരളത്തിന് മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം കേരളത്തിന്റെ മുഖഛായ മാറ്റിക്കൊണ്ടിരിക്കുകയാണ്. വിഴിഞ്ഞം പദ്ധതിയുടെ രണ്ടും, മൂന്നും നാലും ഘട്ടങ്ങൾ 2028ൽ പൂർത്തിയാക്കും. 2045ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട നിർമാണമാണ് 17 വർഷം മുൻപ് പൂർത്തിയാക്കുന്നത്. കോവളം മുതൽ ബേക്കൽ വരെയുള്ള ജലപാതയിൽ കോവളം മുതൽ ചേറ്റുവ വരെയുള്ള ഭാഗം അടുത്തമാസം ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ വികസനം ഓർത്ത് വേദനിച്ചവരായിരുന്നു പ്രവാസികൾ. ഇന്ന് സ്ഥിതിമാറി. നമ്മുടെ നാടിന്റെ വികസനത്തിൽ 10 വർഷത്തിനിടെ എല്ലാരംഗത്തും വലിയ കുതിച്ചുച്ചാട്ടമുണ്ടായി. ഗെയിൽ പദ്ധതി കേരളത്തിലെ ഇടതുസർക്കാരിന്റെ അഭിമാനപദ്ധതിയാണ്.ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച നാടാണ് കേരളം. വയനാട് തുരങ്കം സമയബന്ധിതമായി സാധ്യമാക്കും.
ലോകകേരള സഭയോട് പലരും സഹകരിച്ചിരുന്നില്ല. ഇനി ആ നിലപാടുണ്ടാകില്ല. കേരളത്തിന്റെ വികസനപദ്ധതികൾ എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി സംസാരിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി,ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഡോ. കെ.പി. ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.



