യുഎഇ – അവധികാലത്ത് ഇന്ത്യ- യുഎഇ വിമാന നിരക്ക് കുതിച്ചുയരാൻ സാധ്യതയുള്ള സാഹചര്യത്തിൽ ആശ്വാസമായി എയർ ഇന്ത്യ. ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ നൽകാനാണ് എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും തീരുമാനം. 50 % ശതമാനം വരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകാനുള്ള പദ്ധതി പല യാത്രക്കാർക്കും ആശ്വാസമാകും.
എന്നാൽ, വിമാനം റദ്ദാക്കൽ, കാലതാമസം പോലുള്ള വെല്ലുവിളികൾ ആളുകളെ കുറഞ്ഞ നിരക്കുകൾക്കിടയിലും മറ്റ് യാത്രാ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ജൂൺ 12ന് എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം തകർന്നുണ്ടായ അപകടവും ആളുകൾക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. വിമാനത്തിലുണ്ടായ 242 പേരിൽ 241 പേരും മരിച്ചിരുന്നു.
എയർ ഇന്ത്യയുടെ പോരായ്മകൾ ചൂണ്ടിക്കാണിച്ച് ഈ അടുത്ത് സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് മുന്നോട്ട് വന്നത്. എയർ കണ്ടീഷനിംഗിലെ തകരാറുകൾ, യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ, വൈകി പുറപ്പെടൽ, റദ്ദാക്കലുകൾ തുടങ്ങിയ പ്രശ്‌നങ്ങളാണ് പലരും ഉന്നയിച്ചത്.
വേഗത്തിലുള്ള വളർച്ച കാരണമാണ് ഇടയ്ക്കിടെ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് എന്നും സേവനങ്ങളും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്നും എയർ ഇന്ത്യ എക്സ്പ്രസിന്റെ വക്താവ് ഖലീജ് ടൈംസിനോട് പറഞ്ഞു. യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് എയർ ഇന്ത്യ എക്സ്പ്രസ് ഒരു മികച്ച ഓപ്ഷൻ ആണെന്നും ഈ മേഖലയിൽ വലിയ രീതിയിലുള്ള വളർച്ച കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.