ദുബൈ– വെള്ളിയാഴ്ച ജുമുഅ പ്രാർഥനാസമയം മാറ്റിയതിന് പിന്നാലെ യുഎഇയിൽ സർക്കാർ സ്കൂളുകളുടെ പ്രവർത്തന സമയത്തിലും മാറ്റം വരുത്തി. ക്ലാസുകൾ രാവിലെ പതിനൊന്നരയ്ക്ക് അവസാനിക്കുന്ന വിധത്തിലാണ് വെള്ളിയാഴ്ചകളിലെ സമയം പുനക്രമീകരിച്ചത്. തീരുമാനം ഈ മാസം ഒൻപതുമുതൽ നടപ്പാക്കും. രാജ്യത്തെ പള്ളികളിലെ വെള്ളിയാഴ്ച പ്രാർഥനാസമയം ഏകീകരിച്ചുള്ള തീരുമാനം വെള്ളിയാഴ്ചയാണ് നിലവിൽ വന്നത്. എല്ലാ എമിറേറ്റുകളിലേയും പള്ളികളിൽ ഇനിമുതൽ ജുമുഅ പ്രാർത്ഥന ഉച്ചയ്ക്ക് 12.45-നാണ്. പ്രാർഥനാസമയം ഉച്ചയ്ക്ക് 1.15ൽ നിന്നും 12.45 ആക്കിയപ്പോൾതന്നെ സ്കൂളുകളുടെ പ്രവർത്തന സമയത്തിലും മാറ്റം വരുത്തുന്നതിനെ കുറിച്ച് ചർച്ചകൾ നടന്നിരുന്നു. സ്കൂൾ ബസ്സുകൾ ഗതാഗത കുരുക്കിൽ പെടുന്നത് ഒഴിവാക്കാനും പ്രാർഥനയ്ക്ക് പോകുന്നവർക്ക് തടസ്സങ്ങളുണ്ടാകാതിരിക്കാനും ആണ് സ്കൂളുകളുടെ സമയക്രമത്തിലെ മാറ്റം.
സർക്കാർ സ്കൂളുകളിലെ കെജി ക്ലാസുകൾ രാവിലെ എട്ടിന് തുടങ്ങി 11.30-ന് അവസാനിക്കും. ഗ്രേഡ് 1 മുതൽ 4 വരെയുള്ള സൈക്കിൾ വണ്ണിലെ ആദ്യഷെഡ്യൂൾ 7.10 മുതൽ പത്തര വരയും രണ്ടാം ഷെഡ്യൂൾ എട്ട് മുതൽ പതിനാന്നര വരെയുമാണ്. ഇന്റർമീഡിയറ്റ്, സെക്കൻഡറി ക്ലാസുകളിൽ ആൺകുട്ടികൾക്ക് രാവിലെ 7.10 മുതൽ പത്തര വരെയാണ് ക്ലാസ്. പെൺകുട്ടികൾക്ക് എട്ട് മണിക്ക് തുടങ്ങി പതിനൊന്നരയ്ക്ക് ക്ലാസുകൾ അവസാനിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



