റിയാദ്- ജി.സി.സി രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കായി സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പ്രത്യേക പുനഃപരീക്ഷകൾ പ്രഖ്യാപിച്ചു. ഇന്ന് പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെയാണ് സി.ബി.എസ്.ഇ നിർണായക തീരുമാനം അറിയിച്ചത്.
മേഖലയിലുണ്ടായ യുദ്ധാന്തരീക്ഷവും പ്രാദേശിക സംഘർഷങ്ങളും കാരണം പരീക്ഷകൾ എഴുതാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്കാണ് ഇതിലൂടെ വീണ്ടും അവസരം ലഭിക്കുന്നത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ബോർഡിന്റെ നടപടി.
സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, ഇറാൻ എന്നീ 7 രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കാണ് പരീക്ഷ എഴുതാൻ സാധിക്കുക.
മുമ്പ് പരീക്ഷകൾ റദ്ദാക്കപ്പെടുകയും പകരം പ്രത്യേക അസസ്‌മെന്റ് സ്‌കീം വഴി ഫലം പ്രഖ്യാപിക്കപ്പെടുകയും ചെയ്ത റെഗുലർ, പ്രൈവറ്റ് വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാം.
പ്രത്യേക പുനഃപരീക്ഷയ്ക്ക് വിദ്യാർത്ഥികളിൽ ഫീസ് ഈടാക്കില്ല. മൊത്തം 40 വിഷയങ്ങളിലാണ് (20 അക്കാദമിക് വിഷയങ്ങളും 20 സ്‌കിൽ അധിഷ്ഠിത വിഷയങ്ങളും) പുനഃപരീക്ഷ നടക്കുന്നത്. വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുത്ത് പരീക്ഷ എഴുതാനാകും. ഈ പുനഃപരീക്ഷയിൽ ലഭിക്കുന്ന മാർക്കായിരിക്കും അന്തിമമായി കണക്കാക്കുക.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







