ജിദ്ദ – ഇറാന്‍ യുദ്ധത്തിന്റെ ഫലമായി ഹുര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ സൗദി അറേബ്യയുടെ കര അതിര്‍ത്തി ക്രോസിംഗുകളിലൂടെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കത്തില്‍ ഗണ്യമായ വര്‍ധന. സൗദി സകാത്ത്, നികുതി ആന്റ് കസ്റ്റംസ് അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം, മാര്‍ച്ച് 1 നും 25 നും ഇടയില്‍ സൗദിയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് 88,109 ട്രക്കുകള്‍ കടന്നുപോയിട്ടുണ്ട്. സൗദിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ചരക്ക് ട്രക്ക് മാര്‍ഗം എത്തിച്ചത് യു.എ.ഇയിലാണ്.
സൗദി-യു.എ.ഇ അതിര്‍ത്തിയിലെ അല്‍ബത്ഹ അതിര്‍ത്തി ക്രോസിംഗിലൂടെ 41,229 ട്രക്കുകള്‍ ചരക്കുകളുമായി കടന്നുപോയി. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉയര്‍ന്ന വ്യാപാരത്തെ പ്രതിഫലിപ്പിക്കുന്നു. സൗദി അറേബ്യയെ ബഹ്റൈനുമായി ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേ 13,486 ട്രക്കുകളുമായി രണ്ടാം സ്ഥാനത്തും, ഖത്തറിലേക്കുള്ള സല്‍വ അതിര്‍ത്തി ക്രോസിംഗ് 11,227 ട്രക്കുകളുമായി മൂന്നാം സ്ഥാനത്തുമാണ്. കുവൈത്ത് അതിര്‍ത്തിയിലെ അല്‍ഖഫ്ജി ക്രോസിംഗിലൂടെ 10,437 ട്രക്കുകളും അല്‍റുഖ്ഇ ക്രോസിംഗിലൂടെ 5,255 ട്രക്കുകളും ഒമാനിലേക്കുള്ള റുബ്ഉല്‍ഖാലി അതിര്‍ത്തി ക്രോസിംഗിലൂടെ 6,475 ട്രക്കുകള്‍ കടന്നുപോയി.
ലോജിസ്റ്റിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ വികസനത്തിന്റെയും കസ്റ്റംസ് നടപടിക്രമങ്ങളുടെ കാര്യക്ഷമതയുടെയും പിന്തുണയോടെ സൗദി അറേബ്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ വളരുന്ന കരമാര്‍ഗ വ്യാപാരത്തെ ഈ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നു. വിതരണ ശൃംഖലകളിലും പ്രാദേശിക വ്യാപാരത്തിലും പ്രധാന കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ പങ്ക് ഇത് ശക്തിപ്പെടുത്തുകയാണ്.
സൗദി അറേബ്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ലോജിസ്റ്റിക്കല്‍ സംയോജനം വര്‍ധിപ്പിക്കുക, വിതരണ ശൃംഖലകളുടെ തുടര്‍ച്ചയെയും പ്രതിരോധശേഷിയെയും പിന്തുണക്കുക, ആഗോള ലോജിസ്റ്റിക്‌സ് കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം ഉറപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളുടെ ഒരു പാക്കേജിന് വ്യാഴാഴ്ച വെര്‍ച്വലായി നടന്ന ജി.സി.സി ഗതാഗത മന്ത്രിമാരുടെ അസാധാരണ യോഗത്തില്‍ സൗദി അറേബ്യ സമാരംഭം കുറിച്ചു. ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള ട്രക്കുകള്‍ ഉള്‍പ്പെടെ സൗദി അറേബ്യയിലെ ട്രക്കുകളുടെ അനുവദനീയമായ പ്രവര്‍ത്തന കാലയളവ് 22 വര്‍ഷമായി ഉയര്‍ത്തുന്നത് ഈ സംരംഭങ്ങളില്‍ ഉള്‍പ്പെടുന്നു. കൂടാതെ, സാധനങ്ങളും ശീതീകരിച്ച വസ്തുക്കളും കൊണ്ടുപോകാനായി എല്ലാ ജി.സി.സി രാജ്യങ്ങളില്‍ നിന്നുമുള്ള കോള്‍ഡ് സ്റ്റാറേജ് ട്രക്കുകള്‍ക്ക് ആ രാജ്യങ്ങളിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് കാലിയായി രാജ്യത്ത് പ്രവേശിക്കാന്‍ അനുവാദം നല്‍കിയിട്ടുമുണ്ട്.
ദമ്മാമിലെ കിംഗ് അബ്ദുല്‍ അസീസ് തുറമുഖത്ത് ഗള്‍ഫ് സംഭരണ, പുനര്‍വിതരണ മേഖലകള്‍ ആരംഭിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. കണ്ടെയ്‌നര്‍ ഗതാഗതം നിയന്ത്രിക്കാനും ഓരോ ഗള്‍ഫ് രാജ്യത്തിനും പ്രത്യേക പ്രവര്‍ത്തന മേഖലകള്‍ അനുവദിക്കാനും അതുവഴി കിഴക്കന്‍, പടിഞ്ഞാറന്‍ തീരങ്ങള്‍ക്കിടയിലുള്ള സംഭരണ കാര്യക്ഷമതയും വിതരണ ശൃംഖലകളുടെ പ്രതിരോധശേഷിയും വര്‍ധിപ്പിക്കാനും ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. കൂടാതെ, ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇറക്കുമതിയെയും അവിടെ നിന്നുള്ള കയറ്റുമതിയെയും 60 ദിവസം വരെ ദമ്മാം തുറമുഖത്ത് സംഭരണ ഫീസുകളില്‍ നിന്ന് ഒഴിവാക്കി.
ഗതാഗത, ലോജിസ്റ്റിക് മേഖലകളില്‍ വര്‍ധിച്ച ഏകോപനവും മെച്ചപ്പെട്ട സംയോജനവും ആവശ്യമുള്ള പ്രാദേശിക വെല്ലുവിളികളുടെ സമയത്താണ് യോഗം നടന്നതെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു. ജി.സി.സി രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ സേവിക്കുന്നതിന് ഗതാഗത, ലോജിസ്റ്റിക്‌സ് മേഖലയുടെ പ്രതിരോധശേഷിയും വഴക്കവും ശക്തിപ്പെടുത്താന്‍ ഈ വെല്ലുവിളികള്‍ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗോള മാറ്റങ്ങളെ കാര്യക്ഷമമായി അഭിസംബോധന ചെയ്യാന്‍ കഴിവുള്ള ഏകീകൃത ലോജിസ്റ്റിക് പ്ലാറ്റ്ഫോം കെട്ടിപ്പടുക്കുക, അതുവഴി ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ആഴത്തിലുള്ള ബന്ധം ശക്തമാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു സംയോജിത ദര്‍ശനത്തിന്റെ ഭാഗമാണ് പുതിയ സംരംഭങ്ങളെന്ന് മന്ത്രി സ്ഥിരീകരിച്ചു. സൗദി അറേബ്യയിലെയും ജി.സി.സി രാജ്യങ്ങളിലെയും ഗതാഗത, ലോജിസ്റ്റിക്‌സ് മേഖലയെ പിന്തുണക്കാനായി സൗദി ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രാലയം സമീപ ദിവസങ്ങളില്‍ ഒരു കൂട്ടം സംരംഭങ്ങള്‍ ആരംഭിച്ചതായി മന്ത്രി പറഞ്ഞു.
ആഗോള വിപണികളുമായുള്ള വ്യാപാര റൂട്ടുകളുടെ സ്ഥിരത ഉറപ്പാക്കുക എന്ന ലക്ഷ്യതത്തോടെ കിഴക്കന്‍ സൗദി, ഗള്‍ഫ് തുറമുഖങ്ങളില്‍ നിന്ന് പടിഞ്ഞാറന്‍ സൗദിയിലെ ജിദ്ദ ഇസ്‌ലാമിക് തുറമുഖത്തേക്കും മറ്റ് ചെങ്കടല്‍ തുറമുഖങ്ങളിലേക്കും വഴിതിരിച്ചുവിടുന്ന കണ്ടെയ്നറുകള്‍ക്കും സാധനങ്ങള്‍ക്കും അധിക പ്രവര്‍ത്തന ഇടനാഴികള്‍ നല്‍കല്‍ ഈ സംരംഭങ്ങളില്‍ ഉള്‍പ്പെടുന്നതായും സൗദി ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി വ്യക്തമാക്കി.
വ്യോമ ഗതാഗതത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാന്‍ സൗദി വിമാനത്താവളങ്ങളിലൂടെ ഗള്‍ഫ് വിമാന കമ്പനികളുടെ സര്‍വീസുകള്‍ നടത്തുക, ചരക്ക് വരവിനെ പിന്തുണക്കാനായി സംയോജിത കര-വായു ഗതാഗത പരിഹാരങ്ങള്‍ സജീവമാക്കുക, കര അതിര്‍ത്തി ക്രോസിംഗുകളില്‍ നിന്ന് 900 ബസുകള്‍ വഴി 25,000 ലേറെ യാത്രക്കാരെ ഒഴിപ്പിക്കുക, സൗദി വിമാനത്താവളങ്ങള്‍ വഴി ഗള്‍ഫ് വിമാന കമ്പനികള്‍ 300 ലധികം വിമാനങ്ങള്‍ സര്‍വീസ് നടത്തുക എന്നിവയും ശ്രമങ്ങളില്‍ ഉള്‍പ്പെടുന്നു. ജിദ്ദ ഇസ്‌ലാമിക് തുറമുഖത്തും റാബിഗ് കിംഗ് അബ്ദുല്ല തുറമുഖത്തും നാല് പുതിയ ഷിപ്പിംഗ് ലൈനുകള്‍ കൂട്ടിച്ചേര്‍ക്കല്‍, ഷാര്‍ജ തുറമുഖത്തെ ദമ്മാമുമായും ഉമ്മുഖസര്‍ തുറമുഖത്തെ ബഹ്റൈനുമായും ബന്ധിപ്പിക്കുന്ന ഷിപ്പിംഗ് ലൈനുകള്‍ ആരംഭിക്കല്‍, 5,00,000 ട്രക്കുകളില്‍ കൂടുതലുള്ള സൗദി ട്രക്ക്‌നിരയുടെ സേവനങ്ങള്‍ വര്‍ധിപ്പിക്കല്‍ എന്നിവയും ഈ സംരംഭങ്ങളില്‍ ഉള്‍പ്പെടുത്തി.
ചരക്ക് നീക്കം വര്‍ധിപ്പിക്കാനും ലോജിസ്റ്റിക്‌സ് ആസ്തികളുടെ ഉപയോഗത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും സൗദി അറേബ്യയിലെ ഗതാഗത, ലോജിസ്റ്റിക്‌സ് സംവിധാനത്തിനുള്ളിലെ വിതരണ ശൃംഖലകളെ പിന്തുണക്കാനും ലക്ഷ്യമിട്ട് ഗള്‍ഫ് ഉള്‍ക്കടലിലെ തുറമുഖങ്ങളെയും ഉത്തര സൗദിയിലെ അല്‍ഹദീസ അതിര്‍ത്തി ക്രോസിംഗിനെയും ബന്ധിപ്പിച്ച് ഗുഡ്‌സ് ട്രെയിനുകള്‍ വഴി ഒരു പുതിയ അന്താരാഷ്ട്ര ലോജിസ്റ്റിക്‌സ് ഇടനാഴി ആരംഭിക്കുമെന്ന് സൗദി റെയില്‍വേ അറിയിച്ചിട്ടുണ്ട്.



