ബുറൈദ – അല്‍ഖസീം പ്രവിശ്യയില്‍ പെട്ട അല്‍ഖവാറയില്‍ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ അഗ്നിക്കിരയാക്കിയ സൗദി യുവാവിനെ അല്‍ഖസീം പോലീസ് അറസ്റ്റ് ചെയ്തു.
കാര്‍ കത്തിനശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്ത് കുതിച്ചെത്തി കാറിലെ തീയണച്ചിരുന്നു. തുടര്‍ന്ന് സുരക്ഷാ വകുപ്പുകള്‍ നടത്തിയ അന്വേഷണത്തില്‍ കാര്‍ ആരോ കരുതിക്കൂട്ടി അഗ്നിക്കിരയാക്കിയതാണെന്ന സംശയം ഉയര്‍ന്നു. വിശദമായ അന്വേഷണത്തിലൂടെ പ്രതിയായ സൗദി യുവാവിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. കാറുടമയുമായുള്ള മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് പ്രതി കാര്‍ അഗ്നിക്കിരയാക്കിയതെന്ന് വ്യക്തമായി. ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി അല്‍ഖസീം പോലീസ് അറിയിച്ചു. പൊതുസുരക്ഷയെയോ സ്വദേശികളുടെയും വിദേശികളുടെയും സ്വത്തുവകകളെയോ അപകടത്തിലാക്കുന്ന ഏതൊരാള്‍ക്കുമെതിരെ മുഖംനോക്കാതെ നിയമങ്ങള്‍ നടപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധത അല്‍ഖസീം പോലീസ് വ്യക്തമാക്കി. ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ ധൈര്യപ്പെടുന്ന ആര്‍ക്കുമെതിരെ നിയമപരമായ ശിക്ഷകള്‍ ബാധകമാക്കുമെന്നും അല്‍ഖസീം പോലീസ് പറഞ്ഞു.
അതിനിടെ, പ്രതി അഗ്നിക്കിരയാക്കിയ കാറില്‍ തീ ആളിപ്പടരുന്നത് കണ്ട് ഓടിയെത്തി അഗ്നിശമന സിലിണ്ടര്‍ ഉപയോഗിച്ച് കാറിലെ തീയണച്ച സൗദി യുവാവ് മിശ്അല്‍ അല്‍ഹര്‍ബിയെ അല്‍ഖസീം ഗവര്‍ണര്‍ ഡോ. ഫൈസല്‍ ബിന്‍ മിശ്അല്‍ ബിന്‍ സൗദ് രാജകുമാരന്‍ അല്‍ഖസീം ഗവര്‍ണറേറ്റ് ആസ്ഥാനത്തെ തന്റെ ഓഫീസില്‍ സ്വീകരിച്ച് ഉപഹാരം നല്‍കി ആദരിച്ചു. വലിയ അപകടങ്ങള്‍ ഒഴിവാക്കാനും ജീവനും സ്വത്തുവകകളും സംരക്ഷിക്കാനും യുവാവിന്റെ സുധീരമായ നടപടിയിലൂടെ സാധിച്ചിരുന്നു. മിശ്അല്‍ അല്‍ഹര്‍ബി കാണിച്ച ധീരതയെയും ഉയര്‍ന്ന ഉത്തരവാദിത്തബോധത്തെയും ഗവര്‍ണര്‍ പ്രശംസിച്ചു. സഹായം വാഗ്ദാനം ചെയ്യുകയും മടികൂടാതെ നന്മ ചെയ്യാന്‍ മുന്‍കൈയെടുക്കുകയും ചെയ്യുന്ന രാജ്യത്തെ പൗരന്മാരുടെ യഥാര്‍ഥ മൂല്യങ്ങളും മാന്യമായ നിലപാടുകളും ഈ മഹത്തായ പ്രവൃത്തി പ്രതിഫലിക്കുന്നു. സൗദി സമൂഹത്തിന്റെ സവിശേഷതയായ ഐക്യദാര്‍ഢ്യത്തിന്റെയും ഐക്യത്തിന്റെയും ആത്മാവിനെ ഇത്തരം പ്രവൃത്തികള്‍ പ്രതിഫലിപ്പിക്കുന്നു. മറ്റുള്ളവരുടെ സുരക്ഷയില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും, പൗരന്മാര്‍ തങ്ങളുടെ സമൂഹത്തെയും മാതൃരാജ്യത്തെയും സംരക്ഷിക്കുന്ന പ്രാഥമിക സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്ന, ധീരതയുടെ മികച്ച മാതൃകകള്‍ സൃഷ്ടിച്ച വിശ്വസ്തരായ പൗരന്മാരില്‍ അഭിമാനിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.
തന്നെ ആദരിച്ചതിന് അല്‍ഖസീം പ്രവിശ്യ ഗവര്‍ണര്‍ക്ക് മിശ്അല്‍ അല്‍ഹര്‍ബി അഗാധമായ നന്ദിയും കടപ്പാടും പ്രകടിപ്പിച്ചു. മറ്റുള്ളവരുടെ സുരക്ഷയെ കുറിച്ചുള്ള തന്റെ കരുതലില്‍ നിന്ന് ഉരുത്തിരിഞ്ഞ ദേശീയവും മാനുഷികവുമായ കടമയാണ് താന്‍ ചെയ്തതെന്ന് മിശ്അല്‍ അല്‍ഹര്‍ബി പറഞ്ഞു. മിശ്അല്‍ അല്‍ഹര്‍ബി ഓടിയെത്തി കാറിലെ ആളിപ്പടര്‍ന്ന തീ നിയന്ത്രണവിധേയമാക്കിയ ശേഷമാണ് സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തി തീ പൂര്‍ണമായും കെടുത്തി പ്രദേശം സുരക്ഷിതമാക്കിയത്.



