ദുബൈ– ദീപാവലി ആഘോഷങ്ങൾക്കിടെ ദുബൈയിൽ കുഴഞ്ഞുവീണ് മരണപ്പെട്ട ആലപ്പുഴ മാവേലിക്കര സ്വദേശിയായ മലയാളി വിദ്യാർഥി വൈഷ്ണവ് കൃഷ്ണകുമാറിൻ്റെ (18) മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.
എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം രാത്രി 9.30-ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
ദുബൈ മിഡിൽസെക്‌സ് യൂണിവേഴ്‌സിറ്റി വിദ്യാർഥിയായ വൈഷ്ണവ്, കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുഹൃത്തുക്കളോടൊപ്പം ദീപാവലി ആഘോഷത്തിനിടെ കുഴഞ്ഞ് വീണ് മരണപ്പെട്ടത്.
ദുബൈ പൊലീസിന്റെ ഫൊറൻസിക് റിപ്പോർട്ടുകൾ പ്രകാരം വിദ്യാർഥിയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
നാളെ രാവിലെ 3.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ കൊണ്ടുവരുന്ന മൃതദേഹം മാവേലിക്കരയിലുള്ള സ്വന്തം ഗൃഹമായ കാരാഴ്മയിൽ മാടക്കാട്ട് പുത്തൻവീട്ടിൽ കൊണ്ടുവരും. രാവിലെ 10 മണി മുതൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് സംസ്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ ഉച്ചയ്ക്ക് 1.30ന് നടക്കും.



