ഷാർജ- മരിച്ച് മൂന്നുമാസത്തിനുശേഷം പ്രവാസിമലയാളിയുടെ മൃതദേഹം ചൊവ്വാഴ്ച രാത്രി ഷാർജയിൽനിന്ന് നാട്ടിലേക്ക് കൊണ്ടുപോയി. പത്തനംതിട്ട കുമ്പഴ സ്വദേശി മിനിഭവനിൽ ജിനുരാജ് ദിവാകരന്റെ (42) മൃതദേഹമാണ് കൊണ്ടുപോയത്.
മൃതദേഹം ഏറ്റുവാങ്ങാന്‍ അവകാശികളില്ലാത്തതിനാല്‍ ഷാര്‍ജ പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ജൂലൈ14 ന് റോഡില്‍ കുഴഞ്ഞുവീണ ജിനുവിനെ ഷാര്‍ജയിലെ കുവൈത്ത് ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു. എന്നാൽ, മരണം ബന്ധുക്കളോ സുഹൃത്തുക്കളോ അറിഞ്ഞിരുന്നില്ല. അദ്ദേഹം ഷാർജ ജയിലിലാണെന്ന് ബന്ധുക്കളെ ആരോ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
ട്രാഫിക് നിയമലംഘനങ്ങളുടെ പേരില്‍ ഷാര്‍ജ പൊലീസ് പിടിയിലായിരുന്ന ജിനു ജയിലിലാണെന്നാണ് ബന്ധുക്കള്‍ ധരിച്ചിരുന്നത്. ജിനു ആശുപത്രിയിലാവുന്നതിന് തൊട്ട് മുമ്പാണ് സഹോദരി ജിജി അവസാനമായി ജിനുവുമായി ഫോണില്‍ സംസാരിച്ചത്. മാസങ്ങളായി ജിനുവിന്റെ വിവരമൊന്നും ലഭിക്കാതിരുന്നതോടെ ജിജി ഹൈക്കോടതിയിലെ സീനിയര്‍ സ്റ്റാന്റിംഗ് കൗണ്‍സിലറും എസ്എന്‍ഡിപി യോഗെ പന്തളം യൂണിയന്‍ പ്രസിഡന്റുമായ അഡ്വ.സിനില്‍ മുണ്ടപ്പള്ളിയെ സമീപിക്കുകയായിരുന്നു. അഡ്വ.സുനില്‍, എസ്എന്‍ഡിപി യോഗം യുഎഇ സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ പ്രസാദ് ശ്രീധരനുമായി ബന്ധപ്പെട്ടതോടെയാണ് വഴിത്തിരിവുണ്ടായത്. ജിനുവിന് വേണ്ടി യുഎഇ ജയിലുകളില്‍ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് മോർച്ചറിയിൽ മൃതദേഹമുണ്ടെന്ന് വിവരമറിയുന്നത്. മരിച്ച ജിനുരാജിനെക്കുറിച്ച് ആരും അന്വേഷിക്കാൻ വരാത്തതിനാൽ കോടതിനിർദേശത്തിൽ ഷാർജയിൽത്തന്നെ സംസ്കരിക്കാനുള്ള ഒരുക്കത്തിലായിരുന്നു അധികൃതർ.
മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കാനുള്ള തീരുമാനത്തിന് കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങുകയും നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമതടസ്സങ്ങള്‍ നീക്കുകയും ചെയ്തു. ജിനുവിന്റെ അമ്മ നേരത്തെ മരിച്ചിരുന്നു. നാട്ടില്‍ അച്ഛനും സഹോദരിയുമാണുള്ളത്. യുഎഇയില്‍ ജോലി നഷ്ടപ്പെട്ട ജിനും റഷ്യയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനായി മലയാളിയായ വ്യാജ ഏജന്റിന് ലക്ഷങ്ങള്‍ കൊടുത്തുവെങ്കിലും വഞ്ചിക്കപ്പെടുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു ജിനുവെന്ന് ബന്ധുക്കള്‍ പറയുന്നു. ചൊവ്വാഴ്ച രാത്രി എയര്‍അറേബ്യ വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.എസ്എൻഡിപി യോഗം യുഎഇ സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ പ്രസാദ് ശ്രീധരൻ, സാമൂഹികപ്രവർത്തകൻ സലാം പാപ്പിനിശ്ശേരി (യാബ് ലീഗൽ സർവീസ്) എന്നിവരുടെ ഇടപെടൽമൂലമാണ് മൃതദേഹം നാട്ടിലെത്തിക്കാൻ സാധിച്ചത്.



