ഷാർജ– ബിജോയ്‌സ് ചാംപ്യൻസ് കപ്പ് ക്രിക്കറ്റ് 2025 സീസൺ വൺ ഈ മാസം 12 മുതൽ 14 വരെ നടത്തും. ഷാർജ അൽ ബതായയിലെ ബിജോയ്സ് ക്രിക്കറ്റ് ക്ലബ്ബിലാണ് മത്സരങ്ങൾ നടക്കുന്നത്. 44 കോർപ്പറേറ്റ് ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ ടൂർണമെൻറുമായി സഹകരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ദുബൈ പോലീസ്, ഡു തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും ലുലു, മെഡ് കെയർ, നെസ്റ്റോ, ബിജോയ്സ് ഗ്രൂപ്പ്, ഫിലി, നബൂദ, അൽ റൊസ്തമാനി, മശ്രീഖ്, ഇത്തിഹാദ്, ഐഎംജി വേൾഡ്, ഡിപി വേൾഡ്, എമിറേറ്റ്‌സ് എൻബിഡി തുടങ്ങിയ കോർപറേറ്റ് സ്ഥാനാപനങ്ങളും ടൂർണമെൻറിൽ പങ്കെടുക്കും.
ഡിസംബർ 12ന് രാത്രി ഒമ്പത് മണിക്ക് മത്സരങ്ങൾ ആരംഭിക്കും. വിജയികൾക്ക് അരലക്ഷം ദിർഹമാണ് ക്യാഷ് പ്രൈസ്. റണ്ണറപ്പിന് കാൽലക്ഷം ദിർഹവും സമ്മാനമായി ലഭിക്കും.മുൻ ഇന്ത്യൻ ദേശിയ താരം ഇർഫാൻ പഠാൻ മുഖ്യാതിഥിയായും ഹനാൻ ഷാ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന സംഗീത പരിപാടിയും അരങ്ങേറും. ഫുഡ് സ്റ്റാളുകൾ, വിവിധ പ്രദർശനങ്ങൾ എന്നിവയുമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.



