മനാമ: ഇന്ത്യന്‍ സ്കൂളില്‍ പെണ്‍കുട്ടികള്‍ക്കായി പുതിയ ടോയ്ലറ്റ് ബ്ലോക്ക് നിര്‍മ്മിക്കുന്നതിനും നിര്‍ദിഷ്ട ടോയ്ലറ്റ് ബ്ലോക്കിന്‍റെ സ്ഥലത്ത് നിലവിലുള്ള സൗകര്യങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിനുമുള്ള ബജറ്റ് നിര്‍ദേശങ്ങള്‍ക്ക് ഇന്ത്യന്‍ സ്കൂള്‍ അടിയന്തര ജനറല്‍ ബോഡി യോഗത്തിന്‍റെ അംഗീകാരം ലഭിച്ചു. അംഗീകാരത്തെത്തുടര്‍ന്ന് ഇന്ത്യന്‍ സ്കൂള്‍ കാര്യമായ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരുങ്ങുകയാണ്.
പുതിയ ടോയ്ലറ്റ് ബ്ലോക്ക് ആര്‍പി ബ്ലോക്കിനും നേതാജി ബ്ലോക്കിനുമിടയിലായിരിക്കും സ്ഥാപിക്കുക. രണ്ട് നിലകളിലായി ഏകദേശം 80 ടോയ്ലറ്റുകള്‍ സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം. പുതിയ ബ്ലോക്ക് നിര്‍മ്മിക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് നിര്‍ദിഷ്ട സൈറ്റിലെ പോര്‍ട്ട ക്യാബിനുകള്‍ മാറ്റി സ്ഥാപിക്കും. അറബിക്, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് പഠന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുറികള്‍ ഉള്‍പ്പെടെയുള്ള പോര്‍ട്ട ക്യാബിനുകള്‍ പഴയ അഡ്മിന്‍ ബ്ലോക്കിനും നെഹ്റു ബ്ലോക്കിനും ഇടയിലുള്ള പുതിയ സ്ഥലത്തേക്ക് മാറ്റും. സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ ഈ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ സാധ്യമാക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സ്കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ് പറഞ്ഞു.
പുതിയ ടോയ്ലറ്റ് സൗകര്യങ്ങളുടെ നിര്‍മ്മാണത്തിന് പുറമേ, റിഫ കാമ്പസിലെ വാട്ടര്‍ പ്രൂഫിംഗ് ജോലികള്‍ക്കുള്ള സാമ്പത്തിക അനുമതിയെന്ന രണ്ടാമത്തെ അജണ്ടയ്ക്കും യോഗം അംഗീകാരം നല്‍കി. 10 വര്‍ഷത്തെ ഗ്യാരണ്ടിയോടെ ഒരു അംഗീകൃത കണ്‍സള്‍ട്ടന്‍റിന്‍റെ മേല്‍നോട്ടത്തിലുള്ള ഈ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി സോളാര്‍ പാനല്‍ സിസ്റ്റം സ്ഥാപിക്കും. ജഷന്‍മല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലെ രണ്ടു അജണ്ടകളും വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു.
ഇസ ടൗണ്‍ കാമ്പസില്‍ പുതിയ ടോയ്ലറ്റ് ബ്ലോക്കുകള്‍ നിര്‍മ്മിക്കുന്നതിനും നിലവിലുള്ള സൗകര്യങ്ങള്‍ നിര്‍ദ്ദിഷ്ട സ്ഥലത്ത് നിന്ന് മാറ്റുന്നതിനുമുള്ള ആദ്യ അജണ്ടയും റിഫ കാമ്പസിലെ വാട്ടര്‍പ്രൂഫിംഗ് ജോലികള്‍ക്കുള്ള സാമ്പത്തിക അനുമതിയെന്ന രണ്ടാമത്തെ അജണ്ടയും രക്ഷിതാക്കളും സ്കൂള്‍ അധികൃതരും ഏകകണ്ഠമായി അംഗീകരിച്ചു. ബജറ്റ് അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ രണ്ട് നിര്‍ദ്ദേശങ്ങളും സ്കൂള്‍ വെബ് സൈറ്റിലൂടെ തുറന്ന ടെന്‍ഡറിന് പോകും. സ്കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യന്‍, അസി.സെക്രട്ടറി രഞ്ജിനി മോഹന്‍, ഭരണ സമിതി അംഗങ്ങളായ മിഥുന്‍ മോഹന്‍, മുഹമ്മദ് നയാസ് ഉല്ല, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.