മനാമ – എഐയുടെ ഉപയോഗം ലോകമെമ്പാടും വലിയ തോതിൽ വ്യാപകമായി വരുമ്പോൾ ആരോഗ്യരംഗത്ത് ഈ സൗകര്യം ദുരുപയോഗം ചെയ്യപ്പെടുന്നതായി പരാതി.
എഐയുടെ അതിവേഗ മുന്നേറ്റം ആരോഗ്യം, ബിസിനസ്, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും എഐയുടെ സാധ്യതകൾ ഉയർത്തുന്ന വെല്ലുവിളികളും വളരെ വലുതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
എഐ ഉപകരണങ്ങളുടെ വർദ്ദനവ് ചികിത്സാ രംഗത്തെ വലിയ പ്രശ്നത്തിലേക്കാണ് എത്തിക്കുന്നതെന്നാണ് ബഹ്റൈനിലെ ഡോക്ടർമാർ ഉയർത്തുന്ന ആശങ്ക. ചാറ്റ്ജിപിടി പോലുള്ള എഐ സഹായികളിൽ നിന്ന് സ്വയം രോഗനിർണയം നടത്തി ചികിത്സക്കായി എത്തുന്നവരാണ് ഒട്ടുമിക്കവരുമെന്ന് ഗൾഫ് ഡെയിലി ന്യൂസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഈ പ്രവണത പലപ്പോഴും ആളുകളെ ആശയക്കുഴപ്പത്തിലാക്കുകയും തെറ്റായ വിവരങ്ങൾ തിരുത്താൻ അധിക സമയം ചെലവഴിക്കേണ്ടി വരുന്നെന്നും ഡോക്ടർമാർ പറയുന്നു.
ചെറിയ ആരോഗ്യ പ്രശ്നങ്ങൾക്ക് പോലും ആളുകൾ എഐയുടെ നിർദേശങ്ങൾ ആശ്രയിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. ലക്ഷണങ്ങൾ പറഞ്ഞ് രോഗനിർണയത്തിനായി ചാറ്റ്ജിപിടിയെ ആശ്രയിക്കുന്നതിലൂടെ തനിക്ക് മാരക രോഗമാണെന്ന നിഗമനത്തിൽ എത്തിപ്പെടുന്നവരാണ് മിക്കവരും. ഇത്തരം അടിസ്ഥാനരഹിതമായ വിവരങ്ങളിൽ പരിഭ്രാന്തരായി ചികിത്സ ആവശ്യപ്പട്ട് ഡോക്ടർമാരെ സമീപിച്ചെത്തുന്ന പ്രവണതയാണ് കാണപ്പെടുന്നത്. ഇത്തരം സംഭവങ്ങൾ വലിയ ആശങ്കയാണ് ആരോഗ്യ രംഗത്തുണ്ടാക്കുന്നതെന്നും കൂടുതൽ ജാഗ്രത വേണമെന്നും ഡോക്ടർമാർ പറയുന്നു. മെഡിക്കൽ രംഗം കൂടുതൽ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതിനാൽ വിദഗ്ദ ഉപദേശം അനിവാര്യമാണെന്നും അവർ ആവശ്യപ്പെടുന്നു.