മനാമ: ബഹ്റൈനില്‍ ഈയിടെ കണ്ടെത്തിയ നാലാം നൂറ്റാണ്ടിലെ ക്രിസ്ത്യന്‍ പള്ളിയുടെ അവശിഷ്ടങ്ങള്‍ അറേബ്യന്‍ പ്രദേശത്ത് കണ്ടെത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും പഴക്കമേറിയ ക്രിസ്റ്റ്യന്‍ കെട്ടിടങ്ങളിലൊ ന്നിന്‍റേതാണെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചു. മുഹറഖിനുസമീപം സമാഹിജ് മേഖലയില്‍ നടന്ന ഉദ്ഖനനത്തിലാണ് നെസ്റ്റോറിയന്‍ ചര്‍ച്ചിന്‍റെ ഭാഗങ്ങള്‍ ബഹ്റൈന്‍, ബ്രിട്ടീഷ് പുരാവസ്തുഗവേഷകര്‍ കണ്ടെത്തിയത്. യു.കെയിലെ എക്സെറ്റര്‍ യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അറബ് ആന്‍ഡ് ഇസ്ലാമിക് സ്റ്റഡീസിലെ പ്രൊഫസര്‍ തിമോത്തി ഇന്‍സോള്‍, ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ആന്‍റിക്വിറ്റീസിലെ ഡോ. സല്‍മാന്‍ അല്‍ മഹാരി എന്നിവരുടെ നേതൃത്വത്തിലുള്ള യു.കെ, ബഹ്റൈന്‍ സംയുക്ത സംഘമാണ് ഗവേഷണം നടത്തുന്നത്. ബഹ്റൈനിലെ നെസ്റ്റോറിയന്‍ സഭയുടെ ആദ്യത്തെ ഭൗതിക തെളിവാണിതെന്നും അക്കാലത്തെ ജനതയുടെ ജീവിതരീതികള്‍, ജോലി, ആരാധന ഇവ സംബന്ധിച്ച് കൗതുകകരമായ ഉള്‍ക്കാഴ്ചകള്‍ വരും ദിവസങ്ങളിലെ ഗവേഷണങ്ങളിലൂടെ ലഭിക്കുമെന്നാണ് കരുതുന്നതെന്നും പ്രൊഫസര്‍ ടിം ഇന്‍സോള്‍ അഭിപ്രായപ്പെട്ടു.
അറേബ്യയുടെ പുരാതന ചരിത്രത്തിലേക്ക് വെളിച്ചംവീശി ബഹ്റൈനിലാദ്യമായാണ് ക്രിസ്ത്യന്‍ നിര്‍മ്മിതി കണ്ടെത്തുന്നത്. കാര്‍ബണ്‍ ഡേറ്റിങ് നടത്തിയപ്പോള്‍ എ.ഡി നാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണ് കെട്ടിടം എന്ന് വ്യക്തമായി. കുരിശുകളും ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്ന ബിംബ സൂചനകളും ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്. എ.ഡി നാലാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ കത്തോലിക്ക സഭയുമായി ബന്ധം വിഛേദിച്ച നെസ്റ്റോറിയന്‍ വിഭാഗത്തിന്‍റെ പള്ളിയാകാനാണ് സാധ്യതയെന്നാണ് നിഗമനം. ഗള്‍ഫില്‍ വിവിധ പ്രദേശങ്ങളില്‍ കടല്‍തീരത്തോട് ചേര്‍ന്നാണ് ക്രിസ്ത്യന്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. എന്നാലതില്‍നിന്നും വ്യത്യസ്ഥമായി വികസിതവും ജനസാന്ദ്രമായതുമായ പട്ടണത്തിനു നടുവിലാണ് ഈ നിര്‍മ്മിതിയെന്നത് ഗവേഷകരെ അത്ഭുതപ്പെടുത്തുന്നു.
അതുകൊണ്ടുതന്നെ ചര്‍ച്ച് ഓഫ് ദി ഈസ്റ്റ് എന്നും അറിയപ്പെടുന്ന നെസ്റേറാറിയന്‍ പള്ളി എന്ന നിഗമനത്തിലേക്ക് ഗവേഷകര്‍ എത്തുന്നു. മൂന്ന് കുരിശുകളില്‍ രണ്ടെണ്ണം കെട്ടിടത്തിനു പുറത്തും ഒരെണ്ണം അകത്ത് ചുമരിലുമായിരുന്നു. മീനിന്‍റെ മാതൃകയും ക്രിസ്തുവിനെ സൂചിപ്പിക്കുന്ന അടയാളവും ഇതോടൊപ്പം ഭിത്തിയിലുണ്ടായിരുന്നു. കല്ല് കൊണ്ട് നിര്‍മ്മിച്ച കെട്ടിടം തേച്ചിട്ടുണ്ടായിരുന്നു. അടുപ്പുകളടങ്ങുന്ന അടുക്കള, വാതിലുകളും ജനലുകളുമുള്ള വീട് എന്നിവ മികച്ച ജീവിതനിലവാരം പുലര്‍ത്തിയ ജനതയുടെ സൂചകമാണ്. മാംസം, മത്സ്യം, കക്കയിറച്ചി, എന്നിവ ഭക്ഷണമായി ഉപയോഗിച്ചിരുന്നതിന്‍റെ തെളിവുകളും ലഭിച്ചു. അമൂല്യമായ മുത്തുകളുടെയും ഇന്ത്യന്‍ മണ്‍പാത്രങ്ങളുടെയും കണ്ടെത്തല്‍ സൂചിപ്പിക്കുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി ഉണ്ടായിരുന്ന വ്യാപാരബന്ധത്തെയാണ്.