മനാമ– ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക സേവന മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന പ്രവാസി വെല്‍ഫെയറിന്റെ 2026-27 കാലഘട്ടത്തേക്കുള്ള പ്രസിഡന്റായി മജീദ് തണലിനെ പ്രവാസി വെല്‍ഫെയര്‍ പ്രതിനിധി സമ്മേളനത്തില്‍ തിരഞ്ഞെടുത്തു. ബഹ്‌റൈനിലെ പ്രമുഖ ബിസിനസുകാരനും സാമൂഹിക സാംസ്‌കാരിക സേവന മേഖലകളില്‍ സജീവ സാന്നിധ്യവുമായ മജീദ് തണല്‍ കോഴിക്കോട് പയ്യോളി സ്വദേശിയാണ്. ജനറല്‍ സെക്രട്ടറിയായി, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം എരുമേലി സ്വദേശി ആഷിക്കും തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റുമാരായി ഷാഹുല്‍ ഹമീദ് വെന്നിയൂര്‍, ബദറുദ്ദീന്‍ പൂവാര്‍ എന്നിവരെയും സെക്രട്ടറിമാരായി ജോഷി ജോസഫ് അടൂര്‍, മുഹമ്മദ് അലി സി എം, ഇര്‍ഷാദ് കോട്ടയം, സബീന അബ്ദുല്‍ ഖാദര്‍ എന്നിവരെയും തിരഞ്ഞെടുത്തു. അനസ് കാഞ്ഞിരപ്പള്ളിയാണ് ട്രഷറര്‍. 2026-27 പ്രവര്‍ത്തന കാലയളവിലേക്കുള്ള പ്രവാസി വെല്‍ഫെയര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുള്ള കുറ്റ്യാടി, രാജീവ് നാവായിക്കുളം, ജമാല്‍ ഇരിങ്ങല്‍, അജ്മല്‍ ഹുസൈന്‍, ഷിജിന ആഷിക്, അഡ്വ. ഷഫ്‌ന ത്വയ്യിബ്, സാജിര്‍ ഇരിക്കൂര്‍, അനില്‍ കുമാര്‍, സിറാജ് പള്ളിക്കര എന്നിവരെയും തിരഞ്ഞെടുത്തു.
പ്രവാസി സെന്ററില്‍ നടന്ന പ്രവാസി വെല്‍ഫെയര്‍ പ്രതിനിധി സമ്മേളനത്തിനും തെരഞ്ഞെടുപ്പിനും റസാക്ക് പാലേരി നേതൃത്വം നല്‍കി. ബദറുദ്ദീന്‍ പൂവാര്‍ അധ്യക്ഷത വഹിച്ച പ്രവാസി വെല്‍ഫെയര്‍ പ്രതിനിധി സമ്മേളനത്തില്‍ സി. എം. മുഹമ്മദലി സംഘടനാ റിപ്പോര്‍ട്ടും ഇര്‍ഷാദ് കോട്ടയം പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എസ് ഐ ആര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം: ജനാധിപത്യത്തിന് മേലുള്ള ഭീഷണി എന്ന വിഷയത്തിലുള്ള പ്രമേയം ജോഷി ജോസഫ് അവതരിപ്പിച്ചു.



