മനാമ: ഇന്ത്യന്‍ സ്കൂളില്‍ ദീര്‍ഘകാലമായി സേവനമര്‍പ്പിക്കുന്ന അധ്യാപക-അനധ്യാപക ജീവനക്കാരുടെ മാതൃകാപരമായ സേവനത്തെ അംഗീകരിക്കുന്നതിനും അനുമോദിക്കുന്നതിനുമായി അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. നീണ്ട സേവനത്തിനിടയില്‍ സ്കൂളിന് നല്‍കിയ മികച്ച സംഭാവനകള്‍ കണക്കിലെടുത്ത് 53 അധ്യാപകരെ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും ക്യാഷ് അവാര്‍ഡുകളും നല്‍കി ആദരിച്ചു. ഇസ ടൗണ്‍ കാമ്പസിലെ സ്കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്.
സ്കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യന്‍, അസി. സെക്രട്ടറി രഞ്ജിനി മോഹന്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മിഥുന്‍ മോഹന്‍, മുഹമ്മദ് നയാസ് ഉല്ല, ബിജു ജോര്‍ജ്ജ്, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി, ജൂനിയര്‍ വിങ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ്, സീനിയര്‍ സ്കൂള്‍ അക്കാദമിക് അഡ്മിനിസ്ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി സതീഷ്, മിഡില്‍ വിഭാഗം വൈസ് പ്രിന്‍സിപ്പല്‍ ജോസ് തോമസ്, ജൂനിയര്‍ വിങ് വൈസ് പ്രിന്‍സിപ്പല്‍ പ്രിയ ലാജി എന്നിവര്‍ പങ്കെടുത്തു. അധ്യാപകരുടെ അചഞ്ചലമായ അര്‍പ്പണബോധത്തിനും സേവനത്തിനും അവര്‍ അഭിനന്ദനം അറിയിച്ചു. ഇരു കാമ്പസുകളിലെയും മുഴുവന്‍ സ്റ്റാഫും ചടങ്ങില്‍ പങ്കെടുത്തു.
സ്കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ് തന്‍റെ അധ്യക്ഷ പ്രസംഗത്തില്‍ അധ്യാപകരുടെ മികച്ച സേവനത്തിനു നന്ദി രേഖപ്പെടുത്തി. 1950 മുതല്‍, കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഇന്ത്യന്‍ സ്കൂളിന്‍റെ വിജയത്തില്‍ ഇന്ത്യന്‍ സ്കൂളിലെ അര്‍പ്പണബോധമുള്ള ഫാക്കല്‍റ്റി നല്‍കുന്ന സേവനത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു. സ്കൂളിന് വേണ്ടി നിരവധി വര്‍ഷത്തെ സമര്‍പ്പണ സേവനമേകിയ പ്രിയപ്പെട്ട അധ്യാപക-അനധ്യാപക ജീവനക്കാരെ അവാര്‍ഡ് നല്‍കി ആദരിക്കുന്നതില്‍ അഭിമാനമുണ്ട്. ഈ മഹത്തായ സ്ഥാപനത്തിനും വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ നല്‍കുന്ന എല്ലാ സേവനത്തിനും ബിനു മണ്ണില്‍ നന്ദി അറിയിച്ചു. ഇന്ത്യന്‍ സ്കൂള്‍ അധ്യാപകര്‍ ഈ മഹത്തായ സ്ഥാപനത്തിന്‍റെ ഹൃദയവും ആത്മാവുമാണെന്ന് ബിനു മണ്ണില്‍ പറഞ്ഞു. നേരത്തെ പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി സമ്മേളത്തിനു സ്വാഗതം പറഞ്ഞു. സ്ഥാപനത്തോടുള്ള അധ്യാപകരുടെ ശ്രദ്ധേയമായ അര്‍പ്പണബോധത്തിന് പമേല സേവ്യര്‍ നന്ദി അറിയിച്ചു. ധന്യ സുമേഷ്, മിനു റൈജീഷ് എന്നിവര്‍ അവതാരകരായിരുന്നു.