മനാമ– അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ച് കാൽനടയാത്രക്കാരനായ പ്രവാസിയുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ 35 വയസ്സുകാരനായ ഗൾഫ് പൗരന് ഒരു വർഷം തടവ് ശിക്ഷ. മൂന്ന് കുട്ടികളുടെ പിതാവായ ഹസൻ സാലിഹ് അൽ സാത്തി (56) ആണ് അപകടത്തിൽ കൊല്ലപ്പെട്ടത്. പ്രതിക്ക് ജാമ്യം അനുവദിക്കാനാവില്ലെന്നും ഹൈ ക്രിമിനൽ കോടതി ഉത്തരവിട്ടു.
കഴിഞ്ഞ ജനുവരി 31-ന് ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിന് സമീപമുള്ള സെല്ലാഖ് റോഡിലായിരുന്നു അപകടം. എക്സിബിഷൻ സെന്ററിൽ നടന്ന ഓട്ടം ഫെയറിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു കൊല്ലപ്പെട്ട ഹസൻ സാലിഹ്. റോഡ് മുറിച്ചുകടക്കുകയായിരുന്ന ഇദ്ദേഹത്തെ പ്രതി സഞ്ചരിച്ച വാഹനം അതിവേഗത്തിൽ വന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ വാഹനത്തിനടിയിൽ കുടുങ്ങിയ ഇദ്ദേഹത്തെയും വലിച്ച് പ്രതി അല്പദൂരം മുന്നോട്ട് പോയതായും സാക്ഷിമൊഴികളുണ്ട്. ഗുരുതരമായി പരിക്കേറ്റ ഹസൻ സാലിഹിനെ ബി.ഡി.എഫ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഫെബ്രുവരി ഒന്നിന് പുലർച്ചെയോടെ അന്തരിച്ചു.
അശ്രദ്ധമായി വാഹനമോടിക്കൽ, കാൽനടയാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കൽ, ട്രാഫിക് നിയമങ്ങൾ ലംഘിക്കൽ എന്നീ കുറ്റങ്ങൾ കോടതി ശരിവെച്ചു. ഇരയുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് അപകടകാരണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി തള്ളി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് പ്രതിക്ക് ജാമ്യമില്ലാത്ത ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.



