മനാമ – രാജ്യത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രോത്സാഹിപ്പിക്കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്തെന്ന കുറ്റം ചുമത്തി ബഹ്റൈനില്‍ അഞ്ചു പേരെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. ടെററിസം ക്രൈംസ് പ്രോസിക്യൂഷന് മേധാവി പ്രതികളെ അന്വേഷണ വിധേയമായി തടങ്കലില്‍ വെക്കാന്‍ ഉത്തരവിട്ടു. ബഹ്റൈനെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളെ മഹത്വവല്‍ക്കരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വീഡിയോകള്‍ പതിവായി പ്രസിദ്ധീകരിക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്യുന്ന ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ശ്രദ്ധയില്‍ പെട്ടതായും രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്താന്‍ പ്രേരിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായും സൂചിപ്പിച്ച് സൈബര്‍ ക്രൈം ഡയറക്ടറേറ്റില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി പബ്ലിക് പ്രോസിക്യൂഷന് പറഞ്ഞു.
റിപ്പോര്‍ട്ടുകള്‍ ലഭിച്ചയുടനെ അന്വേഷണം ആരംഭിച്ചതായി പബ്ലിക് പ്രോസിക്യൂഷന് കൂട്ടിച്ചേര്‍ത്തു. പ്രതികളെ ചോദ്യം ചെയ്യുകയും അവരുടെ അക്കൗണ്ടുകളിലെ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കുകയും ഈ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന് വിചാരണ വരെ അവരെ കസ്റ്റഡിയിലെടുക്കാനും വേഗത്തിലുള്ള നടപടികള്‍ക്കായി ബന്ധപ്പെട്ട കോടതിയിലേക്ക് കേസ് റഫര്‍ ചെയ്യാനും തീരുമാനിച്ചു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും രാജ്യത്തിന്റെ സുരക്ഷക്ക് ദോഷം വരുത്താനും സൈബര്‍ ഇടം ചൂഷണം ചെയ്യുന്നത് ദേശീയ സുരക്ഷക്കെതിരായ കുറ്റകൃത്യമാണെന്നും ശക്തമായ നിയമനടപടി വിളിച്ചുവരുത്തുമെന്നും പബ്ലിക് പ്രോസിക്യൂഷന് വ്യക്തമാക്കി.



