മനാമ– ഇറാന്‍ ആക്രമണത്തിന്റെ ഫലമായി ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്കു കീഴിലെ സ്ഥാപനത്തില്‍ അഗ്നിബാധയുണ്ടായതായും സിവില്‍ ഡിഫന്‍സ് ടീമുകള്‍ വിജയകരമായി തീയണച്ചതായും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കാനും സംഭവത്തിന്റെ അനന്തരഫലങ്ങള്‍ പരിഹരിക്കാനുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ഉടന്‍ തന്നെ നടപടിക്രമങ്ങള്‍ ആരംഭിച്ചതായി മന്ത്രാലയം പറഞ്ഞു. ആക്രമണം ആരംഭിച്ച ശേഷം, തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ 186 മിസൈലുകളും 419 ഡ്രോണുകളും തടഞ്ഞു നശിപ്പിച്ചതായി ബഹ്റൈന്‍ പ്രതിരോധ സേന ജനറല്‍ കമാന്‍ഡ് വ്യക്തമാക്കി.
സുരക്ഷ ഉറപ്പാക്കാന്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആക്രമണങ്ങളുണ്ടായ പ്രദേശങ്ങളില്‍ നിന്നും സംശയാസ്പദമായ വസ്തുക്കളില്‍ നിന്നും അകന്നു നില്‍ക്കണമെന്നും സൈനിക നടപടികളും അവശിഷ്ടങ്ങളുടെ ആഘാത സ്ഥലങ്ങളും ചിത്രീകരിക്കുന്നത് ഒഴിവാക്കണമെന്നും കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ബഹ്റൈന്‍ പ്രതിരോധ സേന ജനറല്‍ കമാന്‍ഡ് അഭ്യര്‍ഥിച്ചു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ നേടേണ്ടതിന്റെയും വിവരങ്ങള്‍, അലേര്‍ട്ടുകള്‍, മുന്നറിയിപ്പുകള്‍ എന്നിവക്കായി ഔദ്യോഗിക, സര്‍ക്കാര്‍ മാധ്യമങ്ങളെ പിന്തുടരേണ്ടതിന്റെയും പ്രാധാന്യം ബഹ്റൈന്‍ പ്രതിരോധ സേന ജനറല്‍ കമാന്‍ഡ് ഊന്നിപ്പറഞ്ഞു.
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് സിവിലിയന്‍ കേന്ദ്രങ്ങളും സ്വകാര്യ സ്വത്തുക്കളും ആക്രമിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും ഐക്യരാഷ്ട്രസഭ ചാര്‍ട്ടറിന്റെയും നഗ്‌നമായ ലംഘനമാണെന്നും ഈ ഹീനവും വിവേചനരഹിതവുമായ ആക്രമണങ്ങള്‍ പ്രാദേശിക സമാധാനത്തിനും സുരക്ഷക്കും നേരിട്ടുള്ള ഭീഷണിയാണെന്നും ബഹ്റൈന്‍ പ്രതിരോധ സേന ജനറല്‍ കമാന്‍ഡ് വിശദീകരിച്ചു.



