മനാമ– ബഹ്‌റൈൻ സ്വദേശിനിയായ കാമുകിയെ കത്തിമുനയിൽ നിർത്തി ആക്രമിച്ച് വിലകൂടിയ ഐഫോൺ കവർന്ന ഈജിപ്ഷ്യൻ യുവാവിന് ഹൈ ക്രിമിനൽ കോടതി ഒരു വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. 34 വയസ്സുകാരനായ ബാർബർ തൊഴിലാളിക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചത്.
യുവതിയെ ഭീഷണിപ്പെടുത്തി ഐഫോൺ 16 പ്രോ മാക്സ് തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ, ഫോൺ നൽകാൻ വിസമ്മതിച്ച യുവതിയുടെ തുടയിൽ പ്രതി കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ക്രൂരമായ ആക്രമണത്തിന് ശേഷം ഫോൺ കൈക്കലാക്കിയ ഇയാൾ, പിന്നീട് ഇത് പണയം വെച്ച് പണം തട്ടുകയും ചെയ്തു. കവർച്ചയ്ക്ക് പുറമെ യുവതിയുടെ അനുവാദമില്ലാതെ ഫോണിലെ സ്വകാര്യ വിവരങ്ങൾ പരിശോധിച്ച കുറ്റവും പ്രതിക്കെതിരെ തെളിഞ്ഞു.
യുവതിയുടെ പരാതിയിൽ അറസ്റ്റിലായ പ്രതിക്കെതിരെ കവർച്ച, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം, വ്യക്തിഗത വിവരങ്ങൾ ചോർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കേസിൽ വിശദമായ വാദം കേട്ട കോടതി, പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജയിൽ ശിക്ഷയ്ക്കും തുടർന്ന് ആജീവനാന്ത നാടുകടത്തലിനും വിധിക്കുകയുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



