മനാമ– സൗഹൃദവും മത്സരവീര്യവും കൈകോര്‍ത്ത ഇടപ്പാളയം മെമ്പേഴ്‌സ് ക്രിക്കറ്റ് ലീഗ് സീസണ്‍ 3 ആവേശകരമായി സമാപിച്ചു. അബു ഖുവ യൂത്ത് കള്‍ച്ചറല്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സെന്ററില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമേകുന്ന മത്സരങ്ങളാണ് അരങ്ങേറിയത്. ടസ്‌കേഴ്‌സ് തവനൂര്‍, കൊമ്പന്‍സ് കാലടി, ഈഗിള്‍സ് ഇടപ്പാളയം, വൈപ്പേഴ്‌സ് വട്ടംകുളം എന്നീ നാല് ശക്തരായ ടീമുകള്‍ കിരീടത്തിനായി പോരാട്ടത്തിനിറങ്ങി. ആവേശകരമായ ഫൈനലില്‍ തവനൂര്‍ ടസ്‌കേഴ്‌സിനെ 50 റണ്‍സിന് പരാജയപ്പെടുത്തി കൊമ്പന്‍സ് കാലടി കിരീടം ചൂടി. ആദ്യം ബാറ്റ് ചെയ്ത കൊമ്പന്‍സ് കാലടി, നിശ്ചിത 6 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 105 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ തവനൂര്‍ ടസ്‌കേഴ്‌സിന് 6 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ഫൈനല്‍ മത്സരത്തില്‍ തിളങ്ങിയ ശരത്, മത്സരത്തിലെ താരം, മികച്ച ബാറ്റര്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. മികച്ച രീതിയില്‍ മത്സരം സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഇടപ്പാളയം സ്‌പോര്‍ട്‌സ് വിംഗ് സന്തോഷം രേഖപ്പെടുത്തി. കണ്‍വീനര്‍ ഷാഹുല്‍ കാലടി, ഇടപ്പാളയം പ്രസിഡന്റ് വിനീഷ്, സ്‌പോര്‍ട്‌സ് വിംഗ് കോര്‍ഡിനേറ്റര്‍ ഹാരിസ്, സ്‌പോര്‍ട്‌സ് സെക്രട്ടറി മുസ്തഫ എന്നിവരുടെ നേതൃത്വത്തിലാണ് ടൂര്‍ണമെന്റ് വിജയകരമായി നടത്തിയത്. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ടീം ഉടമകള്‍, മാനേജര്‍മാര്‍, കളിക്കാര്‍ എന്നിവരുടെ ഏകോപിതമായ പരിശ്രമമാണ് സീസണ്‍ 3-നെ വര്‍ണ്ണാഭവും ആവേശവും നിറഞ്ഞൊരു കായികോത്സവമാക്കി മാറ്റിയത്.



