മനാമ:പ്രമുഖ ഫാല്‍ക്കണ്‍ ഗവേഷകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറും ആയ ഡോ. സുബൈര്‍ മേടമ്മല്‍ ബഹ്റൈനില്‍ എത്തി. ബഹ്റൈനിലെ ഫാല്‍ക്കണ്‍ പക്ഷികളെയും ഫാല്‍ക്കണ്‍റിയെ കുറിച്ചും കൂടുതല്‍ അറിയാനാണ് ഡോ. സുബൈര്‍ മേടമ്മല്‍ മനാമയില്‍ എത്തിയത്. രാജ കുടുംബാഗവും പ്രമുഖ ഫാല്‍ക്കണറുമായ ഷെയ്ഖ് അഹമ്മദ് അല്‍സഖര്‍ അല്‍ ഖലീഫയുമായി സുബൈര്‍ കൂടിക്കാഴ്ച നടത്തി. ഫാല്‍ക്കണുകളുടെ പരിരക്ഷണവും സംരക്ഷണവും മുന്‍ നിര്‍ത്തി ബഹ്റൈന്‍ ഭരണാധികാരികള്‍ നടപ്പിലാക്കുന്ന നൂതന പരിപാടികളെ കുറിച്ചായിരുന്നു ചര്‍ച്ച.
കൃത്രിമ ബുദ്ധി ഉപയോഗിച്ച് ഫാല്‍ക്കണുകളുടെ രോഗം മുന്‍കൂട്ടി നിര്‍ണ്ണയിക്കുന്നതിനെകുറിച്ചും രോഗം വരാതെ അവയെ സംരക്ഷിക്കുന്നതിനെകുറിച്ചും വിശദമായി ചര്‍ച്ച നടത്തി. ബഹ്റൈനിലെ വിവിധ ഫാല്‍ക്കണ്‍ ഹോസ്പിറ്റലുകളും ഫാല്‍ക്കണ്‍ കേന്ദ്രങ്ങളും ഡോ. സുബൈര്‍ മേടമ്മല്‍ സന്ദര്‍ശിച്ചു. ഫാല്‍ക്കണറുകളായ രാജ കുടുംബാംഗങ്ങളുമായി, വരും ദിനങ്ങളില്‍ അദ്ദേഹം ചര്‍ച്ച നടത്തും. 2024 ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 8 വരെ അബുദാബിയില്‍ നടന്ന അന്താരാഷ്ട്ര ഫാല്‍ക്കണ്‍ എക്സിബിഷനിലും സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ ഖത്തറിലെ ഖത്താരാ കള്‍ചറല്‍ ഫൌണ്ടേഷനില്‍ നടന്ന അന്താരാഷ്ട്ര ഫാല്‍ക്കണ്‍ സമ്മേളനത്തിലും സെപ്റ്റംബര്‍ 24 മുതല്‍ 28 വരെ കുവൈറ്റിലെ സബ്ഹാനില്‍ നടന്ന അന്തര്‍ദേശീയ ഫാല്‍ക്കണ്‍ എക്സിബിഷനിലും ഡോ. സുബൈര്‍ ഏക ഇന്ത്യന്‍ പ്രതിനിധിയായി പ്രഭാഷണം നടത്തിയിരുന്നു. റിയാദിലെ കിങ്ങ് സൗദ് യൂണിവേഴ്സിറ്റിയില്‍ നടന്ന ഫാല്‍ക്കണ്‍ ശില്‍പശാലയില്‍ കൃത്രിമ ബുദ്ധി ഉപയോഗിച്ചുള്ള ഫാല്‍ക്കണുകളുടെ രോഗ നിര്‍ണ്ണയവും വര്‍ഗ്ഗീകരണവും എന്ന വിഷയത്തില്‍ ക്ലാസെടുത്തിരുന്നു.
ഒക്ടോബര്‍ 3 മുതല്‍ 12 വരെ റിയാദിലെ മല്‍ഹമില്‍ നടന്ന എഴുപതോളം രാജ്യങ്ങള്‍ പങ്കെടുത്ത അന്താരാഷ്ട്ര ഫാല്‍ക്കണ്‍ സമ്മേളനത്തിലും ഏക ഇന്ത്യന്‍ പ്രതിനിധിയായി ഡോ. സുബൈര്‍ പങ്കെടുത്തിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ബഹറിനില്‍ എത്തിയത്.
രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഫാല്‍ക്കണ്‍ പക്ഷികളെകുറിച്ച് ഗവേഷണം നടത്തുന്ന ഡോ.സുബൈര്‍, ഫാല്‍ക്കണ്‍ പഠനത്തില്‍ ഡോക്ടറേറ്റ് ലഭിച്ച ആദ്യത്തെ ഇന്ത്യക്കാരനാണ്. എമിറേറ്റിസ് ഫാല്‍ക്കണ്‍ ക്ലബ്ബില്‍ അംഗത്വമുള്ള ഏക ഇന്ത്യക്കാരനുമാണ് അദ്ദേഹം. അറബ് രാജ്യങ്ങളിലെ ദേശീയ പക്ഷിയായ ഫാല്‍ക്കണ്‍ പക്ഷികളെകുറിച്ച് അദ്ദേഹം പതിറ്റാണ്ടുകളായി നടത്തുന്ന ഗവേഷണങ്ങള്‍ക്കുള്ള അംഗീകാരമായി ഫാല്‍ക്കോണിസ്റ്റ് എന്ന പദവിയില്‍ യു.എ.ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചിരുന്നു. ലോക രാഷ്ട്രങ്ങളിലെ കോണ്‍ഫറന്‍സുകളിലും സെമിനാറുകളിലും പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തിട്ടുളള ഡോ സുബൈറിന് ഒട്ടനവധി വന്യജീവി സംഘടനകളിലും അംഗത്വം ഉണ്ട്. വിവിധ തരം ഫാല്‍ക്കണുകളുടെ 15 വ്യത്യസ്ത തരം ശബ്ദം റെക്കോര്‍ഡ് ചെയ്ത് സോണോഗ്രാം ആക്കിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയായ ഡോ.സുബൈര്‍ മേടമ്മല്‍ കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസില്‍ ജന്തുശാസ്ത്ര വിഭാഗത്തിലെ അധ്യാപകനും അന്തര്‍ ദേശീയ പക്ഷി ഗവേഷണ കേന്ദ്രം കോഡിനേറ്ററും കൂടിയാണ് .