മനാമ :ബഹ്റൈന്‍ ഇന്ത്യ കള്‍ചറല്‍ ആന്‍ഡ് ആര്‍ട്സ് സര്‍വിസിന്റെയും (ബികാസ്) കോണ്‍വെക്സ് മീഡിയയുടെയും ആഭിമുഖ്യത്തില്‍ “ദീപാവലി ഉത്സവ് 2024” ആഘോഷിക്കുന്നു. നവംബര്‍ എട്ട് വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടക്കുന്ന പരിപാടിയില്‍ ഇരുപതോളം ഇന്ത്യന്‍ പ്രവാസി സംഘടനകള്‍ പങ്കെടുക്കും. വിവിധ സാംസ്കാരിക പരിപാടികളോടെ ആരംഭിക്കുന്ന ആഘോഷത്തില്‍ പതിനായിരത്തില്‍ പരം ആളുകളുടെ പങ്കാളിത്തം ഉണ്ടാകുമെന്നാണ് പ്രതീഷിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .
“നാനാത്വത്തില്‍ ഏകത്വം” എന്ന ആപ്തവാക്യം പ്രദര്‍ശിപ്പിക്കുന്ന ആഘോഷത്തില്‍ സാംസ്കാരിക തനിമയുടെ നിറങ്ങള്‍ ചാര്‍ത്തുന്ന രംഗോലി, പൗരാണിക നാടന്‍ കളികള്‍, വിവിധ സംസ്ഥാനിങ്ങളിലെ നാടോടി നൃത്തം, ക്ലാസ്സിക്കല്‍ നൃത്ത രൂപങ്ങള്‍, ഫുഡ് സ്റ്റാളുകള്‍ തുടങ്ങിയവ ഉണ്ടായിരിക്കും. അന്നേദിവസം വൈകുന്നേരം പ്രശസ്ത പിന്നണി ഗായകന് നിഖില്‍ മാത്യു, റിയാലിറ്റി ഷോ താരങ്ങള്‍ ആയ ഋതുരാജ്, ശ്രീലക്ഷ്മി, യദു കൃഷ്ണ, വയലിനിസ്റ്റ് വിഷ്ണു എസ് നായര്‍ തുടങ്ങിയ കലാകാരന്മാര് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കല്‍ ബാന്‍ഡ് അരങ്ങേറും .
രംഗോലി മത്സരങ്ങള്‍ക്കും മറ്റു കലാപരിപാടികള്‍ക്കും പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്. (38993561, 66339323). മനാമ ഗള്‍ഫ് കോര്‍ട്ട് ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബികാസ് പ്രസിഡന്റ് ഭഗവാന് അസര്‍പോട്ട, കോണ്‍വെക്സ് മാനേജിങ് ഡയറക്ടര്‍ അജിത് നായര്‍, പ്രോഗ്രാം എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ ആയ സന്തോഷ് ആവള , സൂരജ് കുലശേഖരം, സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.