മനാമ– ശമ്പളം നൽകാതെ വീട്ടുജോലിക്കാരിയെ നിർബന്ധിതമായി ജോലി ചെയ്യിപ്പിച്ചു എന്ന കുറ്റത്തിന് മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്ന ബഹ്‌റൈനി യുവതിയെ ഹൈ ക്രിമിനൽ കോടതി വെറുതെ വിട്ടു. നേരത്തെയുള്ള വിധി ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലിലാണ് ഹൈ ക്രിമിനൽ കോടതി പുതിയ വിധി പുറപ്പെടുവിച്ചത്. കേസിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി.
2018-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒരു റിക്രൂട്ട്‌മെന്റ് ഏജൻസി വഴി 70 ബഹ്‌റൈനി ദിനാർ മാസശമ്പളത്തിൽ എത്യോപ്യൻ സ്വദേശിനിയെ വീട്ടുജോലിക്ക് കൊണ്ടുവരികയായിരുന്നു. എന്നാൽ, യുവതിക്ക് അവധി നൽകിയില്ലെന്നും വീടിന് പുറത്തുപോകാതിരിക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി എന്നുമായിരുന്നു പബ്ലിക് പ്രോസിക്യൂഷൻ ആരോപിച്ചത്. മൂന്ന് വർഷത്തോളം ഇവർ വീട്ടിൽ ജോലി ചെയ്‌തതായും ആദ്യ പകുതിയിൽ 50 ദിനാർ മാത്രമാണ് ശമ്പളം നൽകിയതെന്നും രണ്ടാം പകുതിയിൽ ശമ്പളം നൽകിയില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു. 1,880 ദിനാർ തനിക്ക് ശമ്പള കുടിശ്ശികയിനത്തിൽ ലഭിക്കാനുണ്ടെന്നായിരുന്നു പരാതിക്കാരിയുടെ വാദം.
നേരത്തെ കീഴ്‌ക്കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചിരുന്നെങ്കിലും, പ്രതി പബ്ലിക് പ്രോസിക്യൂഷൻ ആരോപിച്ച കുറ്റകൃത്യങ്ങളിൽ പങ്കാളിയല്ലെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി കണ്ടെത്തി. ശമ്പളം നൽകാതിരിക്കുകയോ അവകാശങ്ങൾ ലംഘിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ അത് തൊഴിൽ തർക്കമായി പരിഗണിക്കാം എന്നല്ലാതെ, നിർബന്ധിത ജോലി എന്ന ഗണത്തിൽ ഉൾപ്പെടുത്താൻ മതിയായ തെളിവുകൾ ഇല്ലെന്ന് വിലയിരുത്തിയാണ് കോടതി പ്രതിയെ കുറ്റവിമുക്തയാക്കിയത്.



