മനാമ – ദീര്‍ഘകാലമായി ചര്‍ച്ച ചെയ്യപ്പെട്ട ഗള്‍ഫ് മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള സഹകരണം ഗണ്യമായ പുരോഗതി കൈവരിച്ചതായി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി. പദ്ധതി ക്രമാനുഗതമായി പുരോഗമിക്കുകയാണെന്നും ഉചിതമായ സമയത്ത് പദ്ധതി വിശദാംശങ്ങള്‍ പ്രഖ്യാപിക്കുമെന്നും ബഹ്റൈന്‍ വിദേശ മന്ത്രിയും നിലവിലെ ജി.സി.സി മന്ത്രിതല കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. അബ്ദുല്ലത്തീഫ് അല്‍സയ്യാനിക്കൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ ജാസിം അല്‍ബുദൈവി പറഞ്ഞു. ബഹ്റൈനില്‍ നടന്ന ജി.സി.സി ഉച്ചകോടിയുടെ സമാപനത്തിന് ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
2027 ല്‍ സംയുക്ത ഗള്‍ഫ് നാവിക അഭ്യാസത്തിന് പദ്ധതിയുണ്ട്. തുടര്‍ന്ന് എല്ലാ ജി.സി.സി രാജ്യങ്ങളുടെയും കര, നാവിക, വ്യോമ സേനകളെ ഉള്‍പ്പെടുത്തി അബുദാബിയില്‍ സമഗ്ര സൈനിക അഭ്യാസവും നടത്തും. ഇത് ഗള്‍ഫ് സംയുക്ത പ്രതിരോധ സഹകരണത്തിന്റെ വിപുലീകരണ വ്യാപ്തിയെ പ്രതിഫലിപ്പിക്കുമെന്നും ജാസിം അല്‍ബുദൈവി പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യവും, ഗള്‍ഫ് പൗരന്മാരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റാനുള്ള കഴിവും ജി.സി.സി സംവിധാനം വീണ്ടും പ്രകടമാക്കിയതായി ഡോ. അബ്ദുല്ലത്തീഫ് അല്‍സയ്യാനി വ്യക്തമാക്കി. സുരക്ഷാ, സാമ്പത്തിക, സാമൂഹിക മേഖലകളില്‍ അംഗരാജ്യങ്ങള്‍ ഉയര്‍ന്ന തലത്തിലുള്ള ഏകോപനം നേടിയിട്ടുണ്ട്. ഈ മേഖലകളില്‍ കൂടുതല്‍ നേട്ടങ്ങള്‍ക്കായി പരിശ്രമിക്കുന്നുണ്ട്. സുരക്ഷിതവും സമൃദ്ധവും സുസ്ഥിരവുമായ ഒരു ഭാവിയാണ് ഗള്‍ഫ് പൗരന്മാര്‍ ആഗ്രഹിക്കുന്നത്. ഇത്തരമൊരു അന്തരീക്ഷം ഭാവി തലമുറകള്‍ക്കായി സുരക്ഷിതമാക്കാന്‍ ഇന്നത്തെ ഗള്‍ഫ് ഭരണാധികാരികള്‍ പ്രതിജ്ഞാബദ്ധരാണ്.
ഈ വര്‍ഷത്തെ ജി.സി.സി ഉച്ചകോടി സമാധാനത്തിന്റെ വ്യക്തമായ സന്ദേശം നല്‍കുന്നുണ്ട്. പ്രാദേശിക വെല്ലുവിളികള്‍ക്കിടയിലും സ്ഥിരതയും സംഭാഷണവും പിന്തുടരാന്‍ ജി.സി.സി നേതാക്കള്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. ഗള്‍ഫ് മേഖലയുടെ ശബ്ദത്തിന് അന്താരാഷ്ട്ര സമൂഹം കൂടുതല്‍ ചെവികൊടുക്കാന്‍ തുടങ്ങിയിരിക്കുന്നതായി, ഗാസയില്‍ സമാധാനം സ്ഥാപിക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ആഹ്വാനത്തോടുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണത്തെയും സുഡാന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഗള്‍ഫ് നേതൃത്വത്തിലുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതില്‍ പ്രധാന ലോകശക്തികളുടെ പങ്കാളിത്തത്തെയും പരാമര്‍ശിച്ചുകൊണ്ട് ഡോ. അബ്ദുല്ലത്തീഫ് അല്‍സയ്യാനി പറഞ്ഞു. അഭിമാനിക്കാന്‍ ഞങ്ങള്‍ക്ക് എല്ലാ അവകാശവുമുണ്ട് – അദ്ദേഹം പറഞ്ഞു.



