മനാമ: ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്‍റെ 2024-26 കാലയളവിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പാര്‍ലമെന്‍റ് അംഗം പി പി സുനീര്‍ നിര്‍വഹിച്ചു. സമാജം ആക്ടിംഗ് പ്രസിഡന്‍റ് ദിലീഷ് കുമാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സമാജം ജനറല്‍ സക്രട്ടറി വര്‍ഗീസ് കാരക്കല്‍ സ്വാഗതം ആശംസിച്ചു. പ്രശസ്ത സാഹിത്യ നിരൂപകനും അധ്യാപകനുമായ ഡോ. എം എം ബഷീര്‍, കഥാകാരി സുഹറ ബി.എം എന്നിവര്‍ വിശിഷ്ട അതിഥികളായി പങ്കെടുത്തു. മലയാളം പാഠശാല, സാഹിത്യ വേദി, പ്രസംഗവേദി, ജാലകം വാര്‍ത്താ മാസിക, ക്വിസ് ക്ലബ്ബ്, മീഡിയ സെല്‍ ഉപഘടകങ്ങള്‍ അടങ്ങിയതാണ് സമാജത്തിന്‍റെ ഭാഷാ-സാഹിത്യ-വൈഞ്ജാനിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന. സാഹിത്യവിഭാഗം.
പുതിയകാലത്ത് വായനയെ തൊട്ടറിയുന്നതിനായി ജാലകം വാര്‍ത്താ മാസികയുടെ ഇ-പതിപ്പ്, കുട്ടികള്‍ക്കും വനിതകള്‍ക്കും പ്രത്യേകം പ്രാതിനിധ്യം നല്‍കികൊണ്ടുള്ള പ്രസംഗ കളരികള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആയി വ്യക്തിത്വ വികസന വേദികള്‍, സ്ഥിരം ആനുകാലിക സാഹിത്യ ചര്‍ച്ച വേദികള്‍, വൈജ്ഞാനിക മേഖലയെ സമ്പന്നമാക്കുവാന്‍ വിവിധ പഠന ക്ലാസുകള്‍, പ്രശ്നോത്തരി തുടങ്ങി പുതിയ കാലവുമായി ഇണങ്ങുന്ന നിരവധി കര്‍മ്മ പദ്ധതികള്‍ക്കാണ് സാഹിത്യ വിഭാഗം ഈ പ്രവര്‍ത്തന വര്‍ഷത്തില്‍ പദ്ധതി ഇട്ടിട്ടുള്ളതെന്ന് സാഹിത്യ വിഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ട് സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രന്‍ നായര്‍ അറിയിച്ചു. ഭരണസമിതി അംഗങ്ങളും വിവിധ സബ് കമ്മിറ്റി അംഗങ്ങളുമടക്കം നിരവധിപേര്‍ സന്നിഹിതരായിരുന്ന ചടങ്ങില്‍ സാഹിത്യ വേദി കണ്‍വീനര്‍ സന്ധ്യാ ജയരാജ് നന്ദി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി ഇഷാ ആഷിക്ക്, അര്‍ജ്ജുന്‍ രാജ്, പ്രിയംവദ, എയ്ഡന്‍ ആഷ്ലി മഞ്ഞില എന്നിവര്‍ കവിതകള്‍ ആലപിച്ചു