മനാമ: ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍നിന്നുള്ള സമ്പന്നരുടെ വിവാഹം നടത്തുന്നതിനുള്ള ഇഷ്ട രാജ്യമായി ബഹ്റൈന്‍ മാറുന്നു. വിദേശികളുടെ വിവാഹങ്ങള്‍ ബഹ്റൈനില്‍ നടത്തുന്നതിന് ടൂറിസം അതോറിറ്റിയുടെ ഭാഗത്തുനിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും മികച്ച എക്സിബിഷന്‍ സെന്‍ററായിട്ട് എക്സിബിഷന്‍ വേള്‍ഡിന് അംഗീകാരം ലഭിച്ചതോടെയാണ് ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ വിവിധ രാജ്യങ്ങളില്‍നിന്നും ലഭിക്കുന്നതെന്ന് ബഹ്റൈന്‍ ടൂറിസം ആന്‍റ് എക്സിബിഷന്‍സ് അതോറിറ്റി അറിയിച്ചു.
അന്താരാഷ്ട്ര ട്രാവല്‍ പുരസ്കാരങ്ങളുടെ ഇനത്തിലാണ് എക്സിബിഷന്‍ വേള്‍ഡിന് പുരസ്കാരം ലഭിച്ചത്. യു.എ.ഇയിലെ ദുബൈയില്‍ നടന്ന ഇന്‍ര്‍നാഷണല്‍ ട്രാവല്‍ അവാര്‍ഡ് ദാനച്ചടങ്ങില്‍ ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്സിബിഷന്‍ അതോറിറ്റി സി.ഇ.ഒ ഡോ. നാസിര്‍ അല്‍ ഖാഇദി പുരസ്കാരം ഏറ്റുവാങ്ങി. എക്സിബിഷനുകള്‍, കണ്‍വെന്‍ഷനുകള്‍, ഗാല ഇവന്‍റുകള്‍, വിരുന്നുകള്‍, കോര്‍പ്പറേറ്റ് ലോഞ്ചുകള്‍, കുടുംബ വിനോദങ്ങള്‍, പ്രത്യേക ഇവന്‍റുകള്‍ എന്നിവയ്ക്ക് അനുയോജ്യമായ വിധത്തില്‍ മനോഹരമായ വാസ്തുവൈദഗ്ധ്യത്തോടെയാണ് എക്സിബിഷന്‍ വേള്‍ഡ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിവാഹങ്ങള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് അതോറിറ്റി നടത്തുന്ന ശ്രമങ്ങള്‍ ഇരട്ടിയാക്കിയതായി ബഹ്റൈന്‍ ടൂറിസം ആന്‍റ് എക്സിബിഷന്‍സ് അതോറിറ്റി സി.ഇ.ഒ ഡോ. നാസര്‍ ഖാഅദി പറഞ്ഞു. ഇന്ത്യ, യുഎസ്എ, യുകെ, ചൈന, തുര്‍ക്കി, ശ്രീലങ്ക, കാനഡ, ഗ്രീസ്, തായ്ലന്‍ഡ്, സിംഗപ്പൂര്‍, മലേഷ്യ, ഹോങ്കോങ്, പാകിസ്ഥാന്‍, ജപ്പാന്‍, നൈജീരിയ, കോംഗോ എന്നിവയ്ക്ക് പുറമെ യുഎഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിവാഹങ്ങളാണ് 2017 മുതല്‍ 2024 വരെ ബഹ്റൈനില്‍ നടന്നത്. വിദേശ വിവാഹങ്ങള്‍ ആകര്‍ഷിക്കുക, അന്താരാഷ്ട്ര വിവാഹ സംഘാടകരെ ഒരുമിച്ചുകൊണ്ടുവരിക, വിവാഹ സംഘാടകരുടെ ശൃംഖല വികസിപ്പിക്കുക എന്നിവയാണ് ബി.ടി.ഇ.എ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിവാഹങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കും മികച്ച വേദിയായി ബഹ്റൈനെ ഉയര്‍ത്തിക്കാട്ടാനാണ് അതോറിറ്റി ശ്രമിക്കുന്നത്. ലോകമെമ്പാടുമുള്ള കുടുംബങ്ങളെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്നതിന് വൈവിധ്യമാര്‍ന്ന ഓഫറുകള്‍ ഉള്‍പ്പെടുന്നതാണ് ‘ഐലന്‍ഡ് വെഡ്ഡിങ് പദ്ധതി’.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ബീച്ചുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ബഹ്റൈന്‍ ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ട്, നിരവധി പൈതൃക കേന്ദ്രങ്ങള്‍ തുടങ്ങിയവ ബഹ്റൈനില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ഇത്തരം സവിശേഷതകള്‍ ഉയര്‍ത്തിക്കാട്ടി വിവാഹ ടൂറിസത്തെ കൂടുതല്‍ സജീവമാക്കാണ് അധികൃതര്‍ ശ്രമിക്കുന്നത്. മാത്രമല്ല, വിവാഹങ്ങള്‍ ആഘോഷപൂര്‍വ്വം നടത്തുന്നതിനുള്ള വിപുലമായ ഹോട്ടല്‍ ശൃംഗലകളുമുണ്ട്. ഇതോടൊപ്പം, ബഹ്റൈനി വിവാഹ സ്പെഷലിസ്റ്റുകളുടെ സേവനവും ലഭിക്കും. 2017 മുതലാണ് പ്രധാനമായും വെഡിംഗ് ഡെസ്റ്റിനേഷന്‍ എന്ന പേരില്‍ വിദേശ വിവാഹങ്ങള്‍ക്ക് ബഹ്റൈന്‍ പ്രാധാന്യം നല്‍കിയത്. ഇതുവരെയായി നൂറിലേറെ
വിദേശ വിവാഹങ്ങളാണ് ബഹ്റൈനില്‍ നടന്നത്. നാല്‍പ്പതിനായിരത്തോളം അന്താരാഷ്ട്ര സന്ദര്‍ശകരാണ് ഇതിന്‍റെ ഭാഗമായി ഇതുവരെയായി ബഹ്റൈനില്‍ എത്തിയത്.