മനാമ – ഇറാന്‍ ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തതിനും അതിനോട് സഹതാപം പ്രകടിപ്പിച്ചതിനും സൈനിക കേന്ദ്രങ്ങള്‍ ചിത്രീകരിച്ച് വീഡിയോകള്‍ പോസ്റ്റ് ചെയ്തതിനും നാല് പേരെ ആന്റി-കറപ്ഷന്‍, ഇക്കണോമിക്, ഇലക്ട്രോണിക് സെക്യൂരിറ്റി ജനറല്‍ ഡയറക്ടറേറ്റിനു കീഴിലെ സൈബര്‍ ക്രൈം ഡയറക്ടറേറ്റ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത് രാജ്യദ്രോഹവും രാജ്യത്തിന്റെ മൂല്യങ്ങളുടെയും തത്വങ്ങളുടെയും വ്യക്തമായ ലംഘനവുമാണ്. പൊതുജനാഭിപ്രായം തെറ്റിദ്ധരിപ്പിക്കാനും സ്വദേശികളിലും പ്രവാസികളിലും ഭയം വിതക്കാനും സുരക്ഷക്കും ക്രമസമാധാനത്തിനും ദോഷം വരുത്താനും ഇടയാക്കും വിധം പ്രതികള്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഈ വീഡിയോകള്‍ പങ്കിട്ടു.
മുഹമ്മദ് അബ്ബാസ് ഇബ്രാഹിം, മുഹമ്മദ് അബ്ദുല്‍ ജലീല്‍ രിസ, അലി മുഹമ്മദ് ജവാദ്, ജവാദ് അലി ഹബീബ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിയമപരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനും രാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കാനും, ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ നേടാനും സ്ഥിരീകരിക്കാത്ത വീഡിയോകളും വാര്‍ത്തകളും പങ്കിടുന്നതില്‍ നിന്നും വീണ്ടും പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാനും ആഭ്യന്തര മന്ത്രാലയം എല്ലാവരോടും അഭ്യര്‍ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



