മനാമ – കലയും സാഹിത്യവും നമ്മുടെ സാമൂഹിക അടിത്തറയെ സമ്പന്നമാക്കുമെന്ന് കവിയും അധ്യാപകനും മലയാളം മിഷന്‍ മുന്‍ രജിസ്ട്രാറും വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മുന്‍ വൈസ് ചെയര്‍മാനുമായ വിനോദ് വൈശാഖി. ബഹ്റൈന്‍ പ്രതിഭയുടെ 2026-27 പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനോദ്ഘാടനം അദിലിയയിലെ ബാംഗ് സാങ് തായ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈന്‍ പ്രതിഭ പോലെയുള്ള സാംസ്‌ക്കാരിക സംഘടനകള്‍ക്ക് നമ്മള്‍ ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ വിവിധ കലാ കായിക സാഹിത്യ സാംസ്‌ക്കാരിക ജീവകാരുണ്യ വീഥികളിലൂടെ ഒരു പാട് കാര്യങ്ങള്‍ ഈ സമൂഹത്തോട് പറയാനുണ്ട്. പണ്ട് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട് കേരളം ഭ്രാന്താലയമാണ് അതിനെ ചിന്താലയമാക്കിയെടുക്കാന്‍ ഞാന്‍ തുടക്കമിടുകയാണ് എന്ന്. എന്നാല്‍ ഇപ്പോള്‍ ആ ചിന്താലയത്തെ വീണ്ടും ഭ്രാന്താലയമാക്കി മാറ്റിയെടുക്കാന്‍ ചില ശക്തികള്‍ നടത്തുന്ന ശ്രമത്തെ സാംസ്‌ക്കാരിക സംഘടനകള്‍ തിരിച്ചറിഞ്ഞു കൊണ്ട് അതിനെതിരെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു. T
അന്നവും വസ്ത്രവും ഒരു മുട്ടില്ലാതെ തരുന്നത് ഒരു സര്‍ക്കാരാണെങ്കില്‍ ആ സര്‍ക്കാരാണ് ദൈവം എന്ന് ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം ഉദ്ധരിച്ചു കൊണ്ട് വിനോദ് വൈശാഖി സദസ്സിനെ ഓര്‍മിപ്പിച്ചു. സാംസ്‌ക്കാരിക രാഷ്ട്രീയ വികസനം എന്ന ആശയമാണ് ഇന്ന് കേരളത്തില്‍ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത് എന്ന് നാം മനസ്സിലേക്കേണ്ടതുണ്ട്. കവിതയുടെയും സാഹിത്യത്തിലൂടെയും അനീതിക്കെതിരെ പ്രതിരോധം തീര്‍ക്കാമെന്ന് നമ്മള്‍ പ്രതിജ്ഞ ചെയ്യണം. അതിനായി പ്രതിഭയുടെ എല്ലാ സബ് കമ്മിറ്റി വേദികളും നേതൃത്വം കൊടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രതിഭ പ്രസിഡന്റ് മഹേഷ് കെ വി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിന് സ്വാഗതം ആശംസിച്ചു കൊണ്ട് ജനറല്‍ സെക്രട്ടറി സുലേഷ് വി കെ സംസാരിച്ചു. മുഖ്യ രക്ഷാധികാരി ബിനു മണ്ണില്‍ ,രക്ഷാധികാരി സമിതി അംഗങ്ങളായ സുബൈര്‍ കണ്ണൂര്‍, പി.ശ്രീജിത്ത്, വനിതാ വേദി സെക്രട്ടറി സരിത മേലത്ത് എന്നിവര്‍ ചടങ്ങിനെ അഭിവാദ്യം ചെയ്തു കൊണ്ട് സംസാരിച്ചു. കേന്ദ്ര കമ്മിറ്റി അംഗവും പരിപാടിയുടെ കണ്‍വീനറുമായ സജീവന്‍ മാക്കണ്ടിയില്‍ നന്ദി പറഞ്ഞു. രാജീവ് കെ.പി, ധന്യ വയനാട് എന്നിവര്‍ പരിപാടിയുടെ അവതാരകരായി. പ്രതിഭ സ്വരലയ ഗായകര്‍ അവതരിപ്പിച്ച സംഗീതവിരുന്നും, നാല് മേഖല കമ്മിറ്റികളുടെ നേതൃത്വത്തില്‍ നൂറോളം കലാകാരന്മാര്‍ അവതരിപ്പിച്ച കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.



