മനാമ– ബഹ്റൈനില്‍ ബസ് ഷെല്‍ട്ടറുകള്‍ നവീകരിക്കണമെന്ന ആവശ്യം ശക്തം. താമസ മേഖലകളിലെയും വാണിജ്യ പരിസരങ്ങളിലെയും ബസ് ഷെല്‍ട്ടറുകള്‍ നവീകരിക്കണമെന്നാണ് പൊതുജനങ്ങള്‍ ആവശ്യമുയര്‍ത്തുന്നത്. എയര്‍ കണ്ടീഷനിംഗ്, മെച്ചപ്പെട്ട സുരക്ഷാ സവിശേഷതകള്‍, മെച്ചപ്പെട്ട പ്രവേശനക്ഷമത അടക്കമുള്ള മാറ്റങ്ങളാണ് ആവശ്യപ്പെടുന്നത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി സിസിടിവി ക്യാമറകള്‍,അടിയന്തര കോള്‍ ബട്ടണുകള്‍, മതിയായ വൈദ്യുത വെളിച്ചവും വേണമെന്ന് ആവശ്യമുയരുന്നുണ്ട്.
നിലവില്‍ ബഹ്‌റൈനിലെ അഞ്ച് പ്രധാന ബസ് സ്റ്റോപ്പുകളില്‍ എയര്‍കണ്ടീഷണറുകളും ഇന്റര്‍നെറ്റ് കണക്ഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. ഈ മാതൃകയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സുരക്ഷാ സംവിധാനം കൂടിയുള്ള മാറ്റം ബസ് ഷെല്‍ട്ടറുകളില്‍ വേണമെന്നാണ് യാത്രക്കാര്‍ അഭ്യര്‍ത്ഥിക്കുന്നത്. ബഹ്‌റൈനിലെ മൂന്ന് മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ നിന്നും ക്യാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡില്‍ നിന്നും ഈ നീക്കത്തിന് പിന്തുണ ലഭിച്ചതായി ഗള്‍ഫ് ഡെയ്‌ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.