മനാമ: ഇന്ത്യന്‍ സ്കൂളില്‍ അരങ്ങേറ്റം കുറിക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ചിത്രകലാ മത്സരങ്ങളിലൊന്നായ ആലേഖില്‍ 3000 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ഇന്ത്യന്‍ സ്കൂള്‍ ഇസ ടൗണ്‍ കാമ്പസില്‍ ജൂണ്‍ 14 വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിന് കലയെ സ്നേഹിക്കുന്ന സമൂഹത്തില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിദ്യാര്‍ത്ഥികളും മുതിര്‍ന്ന കലാകാരന്മാരും ഉള്‍പ്പെടെ പങ്കെടുക്കുന്നവരെ സ്വീകരിക്കാന്‍ സ്കൂള്‍ അണിഞ്ഞൊരുങ്ങി കഴിഞ്ഞു. ഷക്കീല്‍ ട്രേഡിംഗ് കമ്പനിയും ബഹ്റൈന്‍ പ്രൈഡുമാണ് ടൈറ്റില്‍ സ്പോണ്‍സര്‍മാര്‍. നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനി പ്ലാറ്റിനം സ്പോണ്‍സറായും മെഡിമിക്സ് ഡയമണ്ട് സ്പോണ്‍സറായും څചോലയില്‍چ ഗോള്‍ഡ് സ്പോണ്‍സറായും ബിഎഫ്സി സ്പോണ്‍സറായും ഫോഗ് ആര്‍ട്ട് കാര്‍ണിവല്‍ അവതരിപ്പിക്കുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ആവശ്യമായ അനുമതിയുടെയാണ് സ്കൂള്‍ ഈ ആര്‍ട് കാര്‍ണിവല്‍ അവതരിപ്പിക്കുന്നത്. 5 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളും മുതിര്‍ന്ന കലാകാരന്മാരും കലാപരമായ ആവിഷ്കാരം നിര്‍വഹിക്കും.
പരിപാടിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 7.30ന് ജഷന്‍മല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. തുടര്‍ന്ന് വിവിധ പ്രായക്കാര്‍ക്കുള്ള മത്സരം നടക്കും. ‘ഹാര്‍മണി’ എന്ന കൂട്ടായ ചിത്രരചന അതുല്യമായ ഒരു സവിശേഷതയാണ്. 12-18 വയസ് പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ടീം വര്‍ക്കിനെയും കൂട്ടായ സര്‍ഗ്ഗാത്മകതയെയും ഇതു വളര്‍ത്തുന്നു. 18 വയസ്സിന് മുകളിലുള്ള കലാകാരന്മാര്‍ക്ക് ആര്‍ട്ട് വാള്‍ മത്സരത്തില്‍ പങ്കെടുക്കാം. ദിവസം മുഴുവന്‍, ആര്‍പി ബ്ലോക്കില്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെ ഒരു ആര്‍ട്ട് ഗാലറി പ്രദര്‍ശനം തുറന്നിരിക്കും. ആലേഖ് ’24 സാംസ്കാരിക പരിപാടികള്‍, സമാപനം, സമ്മാനവിതരണം എന്നിവ രാത്രി 8 മണിക്ക് ജഷന്‍മാല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സമൂഹത്തിനുള്ളില്‍ സര്‍ഗ്ഗാത്മകതയും കലകളും വളര്‍ത്തിയെടുക്കുന്നതിനുള്ള ഇന്ത്യന്‍ സ്കൂളിന്‍റെ സമര്‍പ്പണത്തിലെ സുപ്രധാന നാഴികക്കല്ലാണ് ആലേഖ് എന്ന് സ്കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി എന്നിവര്‍ പറഞ്ഞു. ബഹ്റൈനിലെ വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്കായി ഒത്തുചേരാനും പിന്തുണയ്ക്കാനും എല്ലാ കലാസ്നേഹികളെയും രക്ഷിതാക്കളെയും കമ്മ്യൂണിറ്റി അംഗങ്ങളെയും സ്നേഹപൂര്‍വം ക്ഷണിക്കുന്നതായി സ്കൂള്‍ അധികൃതര്‍ പറഞ്ഞു.