മനാമ– ബഹ്റൈനും അമേരിക്കയും തമ്മിൽ 17 ബില്യൺ യുഎസ് ഡോളറിന്റെ സാമ്പത്തിക കരാറുകൾ ഒപ്പുവച്ചു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും യുഎസ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ റോസ് പെറോട്ട് ജൂനിയറുമാണ് ഈ വലിയ ധനകാര്യ സഹകരണ കരാറുകൾ കൈമാറിയത്.
യു.എസ് ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് നടന്ന സ്വീകരണച്ചടങ്ങിലാണ് ബഹ്റൈൻ-അമേരിക്ക ഇടപാടുകൾ പ്രഖ്യാപിച്ചത്. ബഹ്റൈൻ സർക്കാരിൻ്റെ വിവര, ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കിനായുള്ള ഡിജിറ്റൽ പരിഹാരങ്ങൾ സിസ്കോ കമ്പനി നൽകുന്നുണ്ട്. ബഹ്റൈൻ അംബാസഡർ ശൈഖ് അബ്‌ദുള്ള ബിൻ റാഷിദ് അൽഖലീഫയും സിസ്കോയിലെ വൈസ് പ്രസിഡൻ്റ് നിക്കോൾ ഐസക്കും ഇതിനായുള്ള കരാറിൽ ഒപ്പുവച്ചു.
ഇനി മുതൽ ബഹ്റൈൻ-ന്യൂയോർക്കിന് ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കും. മുംതലകത്ത് ഹോൾഡിംഗ് കമ്പനിയും നിരവധി അമേരിക്കൻ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം മൂലം 2 ബില്യൺ യുഎസ് ഡോളർ വരെ നിക്ഷേപം പ്രതീക്ഷിക്കാം. അലുമിനിയം വ്യവസായ മേഖലയിൽ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെ ബഹ്റൈൻ-അമേരിക്ക സംയുക്തമായി 10.7 ബില്യൺ ഡോളർ നിക്ഷേപം നടത്തും
യുഎസ് വ്യാപാര പ്രതിനിധി അംബാസഡർ ജാമിസൺ ഗ്രീറുമായി കൂടിക്കാഴ്ച നടത്തിയ പ്രിൻസ് സൽമാൻ ബിൻ ഹമദ്, 130 വർഷത്തിലേറെ പഴക്കമുള്ള ബഹ്റൈൻ-യുഎസ് ബന്ധം വ്യാപാര-വിനിമയ മേഖലയിലൂടെയും സാമ്പത്തിക സംയോജനത്തിലൂടെയും കൂടുതൽ ശക്തമാകണമെന്ന് അഭിപ്രായപ്പെട്ടു