മനാമ – ഫെബ്രുവരി 18 ന് ബഹ്റൈന്‍ ബോട്ട് സായുധ കൊള്ളക്ക് വിധേയമായ സംഭവവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. ബഹ്റൈന്‍ പ്രാദേശിക ജലാതിര്‍ത്തിയില്‍ നിന്ന് നിന്ന് ഇറാന്‍ ജലാതിര്‍ത്തിയിലേക്ക് മാറാന്‍ തങ്ങളെ തോക്കിന്‍മുനയില്‍ നിര്‍ത്തി നിര്‍ബന്ധിച്ചതായി ബോട്ടിലുണ്ടായിരുന്ന മൂന്ന് നാവികരുടെ നല്‍കിയ മൊഴികള്‍ വ്യക്തമാക്കുന്നതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
കൊള്ളക്കാര്‍ തങ്ങളെ അവര്‍ ഉപയോഗിച്ചിരുന്ന ബോട്ടില്‍ കയറ്റി. ബഹ്‌റൈന്‍ ബോട്ടിന്റെ എന്‍ജിനുകളില്‍ ഒന്നും ബോട്ടിലെ മറ്റു വസ്തുക്കളും സംഘം മോഷ്ടിച്ചു. ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം കൊള്ളക്കാര്‍ തങ്ങളെ വിട്ടയച്ചതായും ബഹ്റൈനിലേക്ക് തിരികെ സഞ്ചരിക്കാന്‍ നിര്‍ദേശിച്ചതായും നാവികര്‍ പറഞ്ഞു. കൊള്ളക്കാര്‍ ഇറാന്‍ പൗരന്മാരാണെന്ന് അവര്‍ സ്ഥിരീകരിച്ചതായി ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇറാനികള്‍ സമാനമായ കൊള്ളകള്‍ മുമ്പും നടത്തിയിട്ടുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നതായി ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചു. സംഭവിച്ചത് അന്താരാഷ്ട്ര സമുദ്ര നിയമത്തിന്റെ ലംഘനമാണ്. ഇക്കാര്യത്തില്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കാനുള്ള അവകാശം ബഹ്റൈനുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. 20 വയസ്സ് പ്രായമുള്ള ബഹ്‌റൈന്‍ സ്വദേശിയായ യുവാവും 36 ഉം 38 ഉം വയസ്സ് വീതം പ്രായമുള്ള രണ്ട് ഏഷ്യന്‍ വംശജരും ബോട്ടിലുണ്ടായിരുന്നതായും രാജ്യത്തിന്റെ വടക്കന്‍ സമുദ്ര അതിര്‍ത്തിക്ക് സമീപം അവര്‍ കൊള്ളക്കിരയായതായും ആഭ്യന്തര മന്ത്രാലയ ഏജന്‍സി നേരത്തെ വ്യക്തമാക്കിയിരുന്നു.



