മനാമ – ബഹ്‌റൈനെതിരെ ഇറാൻ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പൊതു ഒത്തുചേരലുകൾക്ക് നിരോധനം ഏർപ്പെടുത്തി. സ്വദേശികളുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കാനാണ് ബഹ്‌റൈൻ സിവിൽ ഡിഫൻസ് കൗൺസിൽ ഈ തീരുമാനമെടുത്തത്. നിലവിലെ സാഹചര്യം ജനങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും പൊതുജന സംരക്ഷണം മുൻനിർത്തിയാണ് ഈ നടപടിയെന്നും ബഹ്‌റൈൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാന്‍ ഭീകരാക്രമണങ്ങള്‍ ചെറുക്കുന്നത് തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തുടരുന്നതായി ബഹ്റൈന്‍ പ്രതിരോധ സേനാ ജനറല്‍ കമാന്‍ഡ് അറിയിച്ചു ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ, രാജ്യത്തെ ലക്ഷ്യമിട്ടുള്ള 78 മിസൈലുകളും 143 ഡ്രോണുകളും തകര്‍ത്തു. സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളും സ്വകാര്യ സ്വത്തുവകകളും ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും യു.എന്‍ ചാര്‍ട്ടറിന്റെയും നഗ്‌നമായ ലംഘനമാണ്. വിവേചനരഹിതവും ഹീനവുമായ ഇത്തരം ആക്രമണങ്ങള്‍ പ്രാദേശിക സമാധാനത്തിനും സുരക്ഷക്കും നേരിട്ടുള്ള ഭീഷണിയാണ്. എല്ലാവരും വീടിനുള്ളില്‍ തന്നെ തുടരണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തുപോകണമെന്നും ബഹ്റൈന്‍ പ്രതിരോധ സേനാ ജനറല്‍ കമാന്‍ഡ് അഭ്യര്‍ഥിച്ചു.
തങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണം. ആക്രമണങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ച സ്ഥലങ്ങളില്‍ നിന്നും സംശയാസ്പദമായ വസ്തുക്കളില്‍ നിന്നും അകന്നു നില്‍ക്കണം. സൈനിക നടപടികളോ മിസൈല്‍, ഡ്രോണ്‍ ഭാഗങ്ങള്‍ പതിച്ച പ്രദേശങ്ങളോ ചിത്രീകരിക്കരുത്. കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രം വിവരങ്ങള്‍, അലേര്‍ട്ടുകള്‍, മുന്നറിയിപ്പുകള്‍ എന്നിവ നേടാന്‍ ശ്രദ്ധിക്കണമെന്നും ബഹ്റൈന്‍ പ്രതിരോധ സേനാ ജനറല്‍ കമാന്‍ഡ് പറഞ്ഞു.



